Fikr blogs

Varam unit

Fikr blogs

Varam unit

പത്ത്

പത്ത്

K SHABAS HARIS

സന്തോഷവതിയായി കൊണ്ട് മുറിയിലേക്ക് കയറി വന്ന മദാമയോട് സായിപ്പ് വളർത്തു പുത്രന്‍റെ വിശേഷങ്ങൾ ആരാഞ്ഞു. ബട്ലറുടെ കുതിര സവാരിയിലെ വൈഭവത്തെ കുറിച്ച് മറുപടി നല്കിയ മദാമ കണ്ണാടിക്കകത്ത് പ്രതിഫലിച്ച തന്‍റെ പ്രതിരൂപത്തിനകത്തെ സൌന്ദര്യത്തെ നോക്കി ആശ്ചര്യപ്പെട്ടു. കണ്ണാടിക്ക് പിന്നിലേക്ക് പതിയെ നടന്നടുത്ത സായിപ്പ് തന്‍റെ ഇണയെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ഇത്തവണെയും ശ്രമം പരാജയം! സായിപ്പ് തന്നെത്തന്നെ ശപിച്ച് കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു. വസ്ത്രങ്ങൾ നേരെയുടുത്ത മദാമ സായിപ്പിന്‍റെ മുറിയിൽ നിന്നുമിറങ്ങി നടന്നു. ബട്ലറുടെ മുറിയുടെ പുറത്തെത്തിയപ്പോൾ മദാമ പോലും അറിയാതെ മദാമയുടെ നടത്തത്തിന്‍റെ വേഗത കുറഞ്ഞു. ഏതോ ഒരു ഉൾപ്രേരണയാൽ ബട്ലറുടെ സമ്മതമില്ലാതെ തന്നെ മദാമ ബട്ലറുടെ മുറിക്കകത്തേക്ക് കയറി. ബട്ലർ അന്നേ ദിവസത്തെ വിശേഷങ്ങൾ തന്‍റെ ഡയറിയിൽ കുറിച്ചിടുകയായിരുന്നു. മദാമയുടെ സാന്നിധ്യം അറിഞ്ഞ ബട്ലർ നാണത്താൽ ചുവന്ന് തുടുക്കുകയും, ഡയറി കത്തുന്ന നെരിപ്പൊടിലേക്കെറിയുകയും ചെയ്തു. കടലാസുകൾ കത്തി തുടങ്ങുന്നതിന് മുന്നേ തന്നെ മദാമ ബട്ലറുടെ ഡയറി നെരിപ്പോടിൽ നിന്നെടുത്ത് വായന ആരംഭിച്ചു. ആ കടലാസുകളിലത്രയും മദാമയുടെ സൌന്ദര്യത്തെയും, സ്വഭാവത്തെയും കുറിച്ചുള്ള വർണ്ണനകളായിരുന്നു. നെരിപ്പൊടിനൊപ്പം തന്നെ മദാമയുടെ വികാരങ്ങൾക്കും തീ പിടിച്ചു. ആ ഒരു രാത്രി മദാമ ബട്ലറോടൊപ്പം ചെലവഴിച്ചു. പിന്നീട് പല രാത്രികളിലും മാദാമ ബട്ലറോടൊപ്പമായിരുന്നു. പതിയെ പതിയെ മദാമ സായിപ്പിൽ നിന്നും അകന്ന് തുടങ്ങി. അകൽച്ച താങ്ങാൻ പറ്റാതെ പോയ സായിപ്പ് തന്‍റെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങാതെയായി. ദൈവത്തെയും, വിധിയെയും ശപിച്ചു കൊണ്ട് അയാൾ ആ മുറിയിൽ തന്‍റെ ജീവിതം തള്ളി നീക്കി. അത്രമേൽ ഭീരുവായിരുന്നത് കൊണ്ട് അയാൾ ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിച്ചില്ല. സായിപ്പ് തളർന്നതോട് കൂടി ബംഗ്ലാവിന്‍റെ അധികാരം മദാമയുടെ കൈകളിലേക്ക് വന്നെത്തി. മദാമ രഹസ്യമാക്കി വെച്ചിരുന്ന ബട്ലറുമായിയുള്ള ബന്ധം അധികാരം കൈ വന്നതോട് കൂടി പരസ്യമാക്കപ്പെട്ടു. ബംഗ്ലാവിലെ തൊഴിലാളികൾക്കിടയിൽ ആദ്യം അതൊരു വാർത്തയായിരുന്നുവെങ്കിലും പിന്നീട് അവർ ബട്ലറിനെ തങ്ങളുടെ യജമാനനായി തന്നെ അംഗീകരിച്ച് പോന്നു. സായിപ്പിനെയും, ഒരുകാലത്ത് അയാൾക്കുണ്ടായിരുന്ന അധികാരത്തെയും പതിയെ എല്ലാവരും മറന്നു. കൊളോണിയൽ അധിനിവേശ ചരിത്രത്തിൽ എവിടെയും ഇടം ലഭിക്കാതെ പോയ അനേകം സായിപ്പുമാരുടെ പട്ടികയിലേക്ക് നമ്മുടെ സായിപ്പിനും ഇടം ലഭിച്ചു.

"സായിപ്പിനെയും, ഒരുകാലത്ത് അയാൾക്കുണ്ടായിരുന്ന അധികാരത്തെയും പതിയെ എല്ലാവരും മറന്നു. കൊളോണിയൽ അധിനിവേശ ചരിത്രത്തിൽ എവിടെയും ഇടം ലഭിക്കാതെ പോയ അനേകം സായിപ്പുമാരുടെ പട്ടികയിലേക്ക് നമ്മുടെ സായിപ്പിനും ഇടം ലഭിച്ചു".

മൂന്നോളം വർഷങ്ങൾ വളർത്തു പുത്രന്‍റെ ജീവിതത്തിലും കടന്ന് പോയി! ആ മൂന്ന് വർഷങ്ങൾക്കിടയിൽ അവൻ ഗോത്ര ഭാഷയും, ഗോത്ര സംസ്കാരവും പഠിച്ചെടുത്തിരുന്നു. അവന്‍റെ ദൈവം ഇപ്പോൾ പള്ളികളിലല്ല. കാട് കീഴടക്കാൻ വന്നെത്തിയ മൂവായിരം പേരടങ്ങുന്ന സൈന്യത്തെ തന്‍റെ കൈയിലെ ഒരൊറ്റ ചൂട്ട് കൊണ്ട് കത്തിച്ചു ചാമ്പലാക്കിയ പതിനേഴുകാരിയാണ് ഇപ്പോഴത്തെ അവന്‍റെ ദൈവം. ആ ദൈവത്തിന് പഴയ ദൈവത്തിന്‍റേത് പോലെയുള്ള കാരുണ്യത്തിന്‍റെയും, സഹനത്തിന്‍റെയും ഭാഷയറിയില്ല. ഇപ്പോഴത്തെ അവന്‍റെ ദൈവത്തിന് അറിയാവുന്ന ഏക ഭാഷ പ്രതികാരത്തിന്‍റെയും, പ്രതിരോധത്തിന്‍റെയും, ചെറുത്തുനിൽപ്പിന്‍റെയുമാണ്. പുതിയ ദൈവങ്ങൾക്കൊപ്പം മൂപ്പന്‍റെ മകളുമായുള്ള വളർത്തു പുത്രന്‍റെ ബന്ധവും ദൃഢപ്പെട്ടു. ഇരുവരും തേൻ ശേഖരിച്ചും, ബീഡി പുകച്ചും, വേട്ടയാടിയും തങ്ങളുടെ ജീവിതത്തിന് പുതിയ നിറങ്ങളേകി.

അങ്ങനെയൊരു രാത്രിയിലാണ് കമ്പനിയിൽ നിന്നും മൂപ്പനെ കാണുന്നതിനായി കുറച്ച് സായിപ്പുമാർ കുതിരപ്പുറത്ത് വന്നിറങ്ങിയത്. മൂപ്പൻ സായിപ്പിന്‍റെ ഭാഷയിൽ ഒരുപാട് നേരം സംസാരിക്കുന്നത് മൂപ്പന്‍റെ മകളുടെ വീടിന്‍റെ ജനാലയിക്കിടയിലൂടെ വളർത്തു പുത്രനും അവന്‍റെ പ്രണിയിനിയും നോക്കി നിന്നു. സായിപ്പ് ഒത്തിരി പണവും സ്വർണ്ണവും മൂപ്പന്‍റെ മുന്നിൽ കാഴ്ച വെച്ചു. കുല ദൈവങ്ങളെ സാക്ഷി നിർത്തി മൂപ്പൻ ആ പണപ്പെട്ടി തിരിച്ച് സായിപ്പിന്‍റെ കൈകളിലേക്ക് തന്നെ ഏൽപ്പിച്ചു. അവസാന ശ്രമവും പരാജയപ്പെട്ട സായിപ്പ് പൈശാചികമായൊരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് മടക്ക യാത്രയ്ക്ക് തുടക്കം കുറിച്ചു. സായിപ്പിന്‍റെ കണ്ണിൽ കോപത്തിന്‍റെ തീ ജ്വാലകൾ ആളി പടരുന്നത് വളർത്തു പുത്രൻ ഭീതിയോടെ നോക്കി നിന്നു.

((തുടരും))

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.