Fikr blogs

Varam unit

Fikr blogs

Varam unit

ചാരുകസേരയിലെ ലോകം

ചാരുകസേരയിലെ ലോകം

Mishab

പുക ഇലകൾക്കിടയിലൂടെ, മരം മുഴുവൻ പടരാൻ ഇന്ന് നേരം ലേശം വൈകി. ബീഡിയുടെ മണം അറിഞ്ഞതിന് ശേഷം മാത്രം എഴുന്നേൽക്കാറുള്ള കുരുവികൾ ഇന്ന് ലേശം അധികം ഉറങ്ങി. അവർ അവരുടെ കൂട്ടിൽ നിന്നും താഴേക്ക് നോക്കി, ചാരുകസേരയിൽ അയാൾ ഇരുന്നിട്ടുണ്ട്, വലത്തേ കൈയിലുള്ള ഗ്ലാസ്സിൽ നിന്നും കട്ടൻ ചായയുടെ കയ്പേറിയ മധുരം നുകർന്നുകൊണ്ട്. കസേരയിൽ നിന്നും പുറത്തേക്ക് നീണ്ടു കിടക്കുന്ന ഇടത്തേ കൈയിൽ ബീഡിയും, അതിൽ കരിയായി അവശേഷിക്കുന്ന ഭാഗങ്ങളൊക്കെ താഴെ പുല്ലുകൾക്ക് മീതെ വീഴുന്നു. ചിലപ്പോൾ വീഴുന്നതിന് മുന്നേ തന്നെ കാറ്റിനോടൊപ്പം അത് സഞ്ചരിക്കുന്നു 

"സാധാരണ കുറച്ച് സമയം നേരത്തേ വരാറുള്ളതാണല്ലോ? ഇന്ന് എന്ത വൈകിയത്?"

"സമയം! ഇന്ന് സമയത്തെക്കുറിച്ചായിരുന്നു ആലോചിച്ചത്"

"സമയത്തെക്കുറിച്ചോ?"

"അതെ, സമയം. സമയം അനന്തമാണ് പക്ഷേ അനന്തമായ സമയം അല്ലാഹുവിന്‍റെ ഖജനാവിൽ മാത്രമേ ഉള്ളൂ"

കുരുവികൾ തിരികെ കൂട്ടിലേക്ക് മടങ്ങി. അയാൾ ഇപ്പോഴും ചായയുടെ  കയ്പേറിയ മധുരം നുകർന്ന് കൊണ്ടിരിക്കുന്നു, ഒപ്പം ബീഡിയും. കൈയെത്തും ദൂരത്ത് തന്നെ അയാൾ തന്‍റെ ഗ്രാമഫോൺ വെച്ചിരുന്നു. അയാളുടെ കൽപനപ്രകാരം അത് പാടിത്തുടങ്ങി. പാട്ട് തുടങ്ങിയതിന് ശേഷം അയാളുടെ മനസ്സിന്‍റെ ഘനം കൂടിത്തുടങ്ങി. അയാൾ ആ പാട്ട് ഒരിക്കലും മറക്കില്ല. പണ്ട് പേന കൊണ്ട് മജീദിനെ അന്യസംസ്ഥാനത്ത് കിടത്തി നരകിപ്പിച്ചത് ഇതേ പാട്ട് കേട്ട് കൊണ്ടായിരുന്നു. അയാളത് നിറുത്തി. കൈയിലുള്ള ചായ മുഴുവൻ കുടിച്ചു. കണ്ണുകളടച്ച് കസേരയിൽ ചാരിക്കിടന്നു. പെട്ടന്ന്, ആരോ മുമ്പിൽ വന്ന് നിൽക്കുന്നതായി തോന്നി. കണ്ണുകൾ മെല്ലെ തുറന്ന കൊണ്ട് അയാൾ നോക്കി. 

"ഓ ഹസ്രത്ത്, താങ്കൾ എപ്പോൾ വന്നു?"

അലി വന്നതിൽ അയാൾ വളരെയധികം സന്തോഷിച്ചു.

"കുറച്ച് സമയമായി"

"ചായ എടുക്കട്ടെ?"

പിന്നെയും പെട്ടന്ന് വേറെ ഒരു സംഭവം നടന്നു. ഒരു അണ്ണാൻ വന്ന് ആ സംഭാഷണത്തെ ശല്യപ്പെടുത്തി. അയാളോട് സംസാരിച്ച് കൊണ്ടിരുന്ന അലി പാടെ അപ്രത്യക്ഷനായി. കള്ളനണ്ണാൻ. അയാൾക്ക് ദേഷ്യം വന്നു. 

"കള്ള ബഡ്ക്കൂസ്സേ!"

അണ്ണാൻ പതറിയില്ല, ആ വലിയ തടിച്ച അണ്ണാൻ പേടിച്ചില്ല. അയാളുടെ കണ്ണുകളും അനങ്ങാതായി. കൃഷ്ണമണി ആണാന് നേർക്ക് മാത്രമായിക്കൊണ്ടങ്ങനെ നിന്നു. ആ അണ്ണാന് മൂക്കിന് പകരം ഒരു കൊമ്പുണ്ട്, പിറകിൽ വലിയ ചിറകും. ആയാൾ ആ നോട്ടം പിൻവലിച്ചില്ല. അണ്ണാൻ അയാളെയും നോക്കി, നിറുത്താതെ. കൊമ്പിന്‍റെ നിറം മാറിക്കൊണ്ടിരിക്കുന്നു. പിന്നിലെ ചിറകും അടിച്ച് തുടങ്ങി. ചാരുകസേരയിൽ നിന്നും അയാൾ പേനയും പേപ്പറും എടുത്തു, എന്നിട്ട് എഴുതിത്തുടങ്ങി- 

'ചാരുകസേരയിലെ ലോകം' 

Mishab

Mishab

R

Create a free website with Framer, the website builder loved by startups, designers and agencies.