Fikr blogs

Varam unit

Fikr blogs

Varam unit

അഞ്ച്

അഞ്ച്

K SHABAS HARIS

Horegallu part 5

വെളിച്ചം വീണിടത്തേക്ക് പാതി പണി പൂർത്തിയായൊരു സിങ്കിൽ എഞ്ചിൻ എയർക്രാഫ്റ്റ് പ്രത്യക്ഷപ്പെട്ടു. ജനിക്കും മുമ്പേ വാർദ്ധക്യം പ്രാപിച്ച ചിറകുകൾക്കരികിലേക്ക് ഇട്ടൂപ്പും മേഘ്നയും മെല്ലെ നടന്നു. കൂട്ടിലാക്കപ്പെട്ട പക്ഷിയുടേത് പോലെയുള്ള വിമാനത്തിന്‍റെ പൊടി പിടിച്ച ശരീരത്തിലൂടെ ഇട്ടൂപ്പ് വിരലോടിച്ചു.

“സൊ യുവർ ഫാദർ വാസ്സെ പൈലറ്റ്?” മുന്നേ മേഘ്ന പറഞ്ഞ കഥകളിലുള്ള വിശ്വാസം ഒന്ന് കൂടി ഉറപ്പിക്കുന്നതിനായി ഇട്ടൂപ്പ് ചോദിച്ചു.

“അപ്പൊ അതൊക്കെ ഞാൻ തള്ളിയതാണെന്ന് വിചാരിച്ചോ?”

“ഹെയ്.. കമോൻ ഡിയർ, ഇങ്ങോട്ടേക്ക് വരുമ്പോ ഇവിടുത്തെ കുറിച്ച് ഇങ്ങനൊന്നുമായിരുന്നില്ല ന്‍റെ മൈണ്ടിൽ... ആൻഡ് സീ വേർ യു ബോട്ടപ്പ്, വൌവ്.” ഇരുവരും എയർക്രാഫ്റ്റിന്‍റെ അകത്തെ സീറ്റിൽ ഇരിപ്പുറപ്പിച്ച് കഴിഞ്ഞിരുന്നു. മേഘ്നയുടെ ഇടത്തെ കൈവിരലുകൾ പതിയെ ഇട്ടൂപ്പിന്‍റെ വലത്തെ തോളിനെ കീഴടക്കി. സുന്ദരമായൊരു സ്വപ്നം ഓർത്തെടുക്കാൻ എന്ന പോലെ അവൾ പതിയെ അവന്‍റെ ദേഹത്തേക്ക് ചാഞ്ഞു. ആർത്തവ ദിവസങ്ങളിലെ മനസ്സിന്‍റെ വേലിയേറ്റങ്ങൾക്കിടയിൽ അവൾ ചിലപ്പോളൊക്കെ അവന്‍റെ കൂടെ ഇങ്ങനെ ഇരുന്നിട്ടുണ്ട്, ഒന്നുമേ പരസ്പരം മിണ്ടാതെ മണിക്കൂറുകളോളം. പറക്കാൻ വിധിക്കപ്പെട്ടിട്ടില്ലാത്ത കുഞ്ഞ് വിമാനത്തിലുള്ള ഈ ഇരുത്തം മുന്നത്തേത് പോലെയുള്ള ഒന്നല്ലെന്ന് ഇട്ടൂപ്പിന് നല്ല ധാരണയുണ്ടായിരുന്നു.

“ഹെയ്... ഐ വാണ്ട് ടു സേ സംത്തിങ്.” പതിഞ്ഞ സ്വരത്തിൽ അജ്ഞാതമായ സ്വപ്നത്തിൽ നിന്നുണരാതെ മേഘ്ന പറഞ്ഞു.

“ഉം.” തന്‍റെ നെഞ്ചിടിപ്പിനെ ഇട്ടൂപ്പ് നിയന്ത്രിച്ച് വരുമ്പോഴേക്കും ബംഗ്ലാവിൽ ജ്യോതികയുടെ മുറിയിൽ വെളിച്ചം വീണത് അവൻ ശ്രദ്ധിച്ചു. അവൻ പതിയെ അവളുടെ വിരലുകളിൽ നിന്ന് മോചിതനാവാൻ ശ്രമിച്ചു.

“മക്കൾ ഇനിയും ഉറങ്ങിയില്ലേ?”

“നമ്മളൊരു വാക്കൊക്കെ കഴിഞ്ഞിങ്ങനെ...” ഷെഡ്ഡിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടയിൽ ഇട്ടൂപ്പ് മറുപടി നൽകി.

“രാത്രിയിങ്ങനെ ഇറങ്ങി നടന്ന തണുപ്പ് പിടിക്കൂട്ടൊ. ഇവക്ക് പിന്നെ ആ ബോധൊന്നും ഇണ്ടായീന്ന് വരൂല്ല.” അമ്മയുടെ പരിഹാസത്തിൽ മേഘ്ന ഇട്ടൂപ്പിനെ നോക്കി ചിരിച്ചു. രണ്ടു പേരെയും ബംഗ്ലാവിനകത്തേക്ക് പറഞ്ഞു വിട്ടതിന് ശേഷം ആകാശത്തോളം പോന്ന സ്വപ്നത്തിലേക്ക് ചിറകടിച്ചുയരാൻ സാധിക്കാതെ പോയ ആ വിമാനത്തെ നോക്കി കൊണ്ട് ജ്യോതിക കുറച്ച് നേരത്തേക്ക് അവിടെ അങ്ങനെ നിന്നു. വായനക്കിടയിൽ ഷെഡ്ഡിൽ വെളിച്ചം കണ്ട സാം ജനാലയിലൂടെയുള്ള കാഴ്ചയിൽ ജ്യോതിക തനിച്ചവിടെ നിൽക്കുന്നത് കണ്ടു. കുറച്ച് നേരത്തേക്കെങ്കിലും അവളോട് എന്തെങ്കിലും സംസാരിച്ചിരിക്കുന്നതിനായി അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം കട്ടിലിലേക്കെറിഞ്ഞ് താഴേയ്ക്ക് ചെന്നു.

രണ്ടു പേരെയും ബംഗ്ലാവിനകത്തേക്ക് പറഞ്ഞു വിട്ടതിന് ശേഷം ആകാശത്തോളം പോന്ന സ്വപ്നത്തിലേക്ക് ചിറകടിച്ചുയരാൻ സാധിക്കാതെ പോയ ആ വിമാനത്തെ നോക്കി കൊണ്ട് ജ്യോതിക കുറച്ച് നേരത്തേക്ക് അവിടെ അങ്ങനെ നിന്നു.


തോട്ടത്തിന്‍റെ നടുവിലെ നടപ്പാതയിൽ നിന്നും ഷെഡ്ഡിലേക്ക് ചെല്ലുന്നതിനായി സാം ഇടത്തോട്ട് തിരിഞ്ഞു. ഒരു നിമിഷത്തേക്ക് അയാളും അയാളെ താങ്ങി നിർത്തുന്ന പ്രപഞ്ചവും നിശ്ചലമായത് പോലെ അയാൾക്കനുഭവപ്പെട്ടു. ഷെഡ്ഡിലെ മഞ്ഞ വെളിച്ചത്തിൽ പറക്കാൻ അറിയാതെ പോയ വിമാനവും, അതിന്‍റെ മുന്നിൽ ഒരു പ്രതിമയെന്നോണം അനക്കമില്ലാതെ നില്ക്കുന്ന ജ്യോതികയും. തന്‍റെ ഇറങ്ങാനിരിക്കുന്ന നോവലിന്‍റെ നിർണ്ണായക ഘട്ടത്തിൽ കഥാപാത്രം അനുഭവിക്കുന്ന ഏകാന്തത അടയാളപ്പെടുത്താൻ സാം വർഷങ്ങൾക്ക് മുമ്പെഴുതിയ അതേ സന്ദർഭം. വിറയാർന്ന കൈകൾ കൊണ്ട് അയാൾ തന്‍റെ പൈജാമയിൽ നിന്നുമൊരു ട്രിപ്പിൾ ഫൈവെടുത്ത് കത്തിച്ചു. ലൈറ്ററിന്‍റെ ശബ്ദം കേട്ട ജ്യോതിക തിരിഞ്ഞു നോക്കി. ക്രമം തെറ്റി പെയ്ത കാലത്തിന്‍റെ നടുവിൽ വിറങ്ങലിച്ചു പോയ സാം ഒന്നും പറയാനാവാതെ വെപ്രാളപ്പെട്ട് തിരിച്ച് നടക്കാൻ തുനിഞ്ഞു.

“സാം ഈ ഷെഡൊന്ന് ക്ലോസ് ചെയ്യാൻ ഹെൽപ്പ് ചെയ്യാവോ?” ഇരുട്ടിൽ പരന്ന മഞ്ഞ വെളിച്ചത്തിലേക്ക് സാം അമ്പരപ്പ് മാറാതെ നടന്നടുത്തു.

“ഹെയ്... ആർ യു അൾ റൈറ്റ്???” ജ്യോതിക കുറച്ച് കൂടി ഉച്ചത്തിൽ സാമിന്‍റെ അരികിൽ നിന്ന് ചോദിച്ചു.

“ഇത്!!!” സാം ഞെട്ടൽ മാറാതെ വിമാനത്തിന്‍റെ നേർക്ക് വിരൽ ചൂണ്ടി.

“മല കയറിയതിന് ശേഷം ചേട്ടൻ തുടങ്ങി വെച്ച ഒരു വട്ടായിരുന്ന് ഇത്, മേഘ്നയെയും ഇതിലിരുത്തി ഒരു ദിവസം പറക്കണമെന്നായിരുന്നു അങ്ങേർക്ക്... ഇവിടെ എത്തിയതിന് ശേഷം രാത്രീന്നോ പകലെന്നോ ഇല്ലാതെ ഫുൾ ടൈം ഇതിമ്മേലായിരുന്നു അങ്ങേര്. ഇതിന്‍റെ മേല് ന്തേലും ചെയിതോണ്ടിരിക്കുമ്പോ മാത്രേ ഞാൻ ചേട്ടനെ സന്തോഷുള്ള മുഖത്തോടെ കണ്ടിട്ടുള്ളൂ... ഒരുതരം ഭ്രാന്തായിരുന്നു സാം...” പോയ കാലത്തെ ഓർമ്മയിലെവിടെയോ കുരുങ്ങി പോയ ജ്യോതികയിക്ക് ശേഷമൊന്നും പറയാനായില്ല.

സാം ഒന്നും മിണ്ടാതെ വെട്ടമണച്ച്, ഷെഡുമടച്ച് ബംഗ്ലാവിന്‍റെ അകത്തേക്ക് ജ്യോതികയോടൊപ്പം നടന്നു. ഇരുട്ടിനിടയിലെ ഇരുവരുടെയും നടത്തത്തെ ഇട്ടൂപ്പിന്‍റെ മുറിയിലെ ജാലകത്തിലൂടെ മേഘ്നയും ഇട്ടൂപ്പും കണ്ടു നിന്നു. കേട്ട് കേൾവികളിൽ മാത്രം ഇട്ടൂപ്പറിഞ്ഞ അപ്പന്‍റെ യൌവ്വന കാലത്തെ ഏതോ ഒരു സുന്ദര കാഴ്ച പോലെ ഇട്ടൂപ്പിനത് അനുഭവപ്പെട്ടു.

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.