Fikr blogs

Varam unit

Fikr blogs

Varam unit

അഭിമുഖം

അഭിമുഖം

K SHABAS HARIS

കേരളത്തിലെ വിപ്ലവ പോരാട്ടങ്ങളിൽ വസന്തത്തിന്റെ ഇടി മുഴക്കമായി മാറിയ മനുഷ്യനാണ് സഖാവ് ഗ്രോ വാസു. 70-കളിൽ നക്സലൈറ്റ് പ്രസ്ഥാനങ്ങളിലും, തുടർന്ന് മനുഷ്യാവകാശ പോരാട്ടങ്ങളിലും നിറ സാന്നിധ്യമായി തീർന്ന വാസുവേട്ടന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി സ്വതന്ത്ര ചലച്ചിത്രകാരൻ അർഷഖ് 'ഗ്രോ വാസു' എന്ന പേരിൽ നിർമ്മിക്കുകയുണ്ടായി. മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കെ. ഷബാസ് ഹാരിസുമായി അർഷഖ് തന്റെ ഡോക്യുമെന്ററിയുടെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ഇവിടെ.


1. വാസുവേട്ടന്റെ ജീവിതത്തെ അടയാളപ്പെടുത്താൻ എന്ത് കൊണ്ട് ഡോക്യുമെന്ററി തെരഞ്ഞെടുത്തു?

ഉത്തരം: വാസുവേട്ടന്റെ ജീവിതം അടയാളപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല ഫോർമാറ്റ് വെബ് സിരീസാണ്. പക്ഷെ അത് നടത്തിയെടുക്കാനുള്ള പ്രയാസങ്ങൾ കാരണമാണ് ഡോക്യുമെന്ററിയിലേക്ക് തിരിഞ്ഞത്. ഡോക്യുമെന്ററി എളുപ്പമുള്ള പരിപാടിയാണെന്നാണ് അന്ന് വിചാരിച്ചിരുന്നത്. പ്രൊഡക്ഷനൊന്നും സെറ്റ് ആയില്ലെങ്കിൽ തന്നെ സ്വന്തം നിലക്ക് എടുത്ത് പൂർത്തീകരിക്കാമെന്നൊരു ഓവർ കോൺഫിഡൻസും അന്നെനിക്കുണ്ടായിരുന്നു. "If you have a phone camera, then make a film" എന്ന സ്വതന്ത്ര സിനിമാക്കാരുടെ വാചകങ്ങളിലൊക്കെ ഞാൻ ഭയങ്കരമായി ഇൻഫ്ലൂവൻസ്ടായി നിൽക്കുന്ന സമയമായിരുന്നു അത്. ഗോപാൽ മേനോൻ വാസുവേട്ടനെ കുറിച്ച് ചെയ്ത മറ്റൊരു വർക്ക് നമുക്ക് മുന്നിലെ പ്രധാന വെല്ലു വിളിയായിരുന്നു. ആ ഡോക്യുമെന്ററി ഓൺലൈനിൽ ലഭ്യമല്ലെങ്കിലും അത് പറഞ്ഞ് വെച്ചത് തന്നെയാണ് നമ്മളും പറഞ്ഞു വെക്കുന്നതെങ്കിൽ നമ്മൾ ചെയ്യുന്നത് കൊണ്ട് കാര്യമില്ലല്ലോ എന്നൊരു തോന്നൽ അന്നെനിക്കുണ്ടായിരുന്നു. പക്ഷെ, ഗോപാൽ മേനോന്റെ വർക്ക് കണ്ടപ്പോഴാണ് അത് നമ്മൾ കൺസീവ് ചെയ്യാൻ ഉദ്ദേശിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ട്രീറ്റ്മെന്റിൽ മെയിക്ക് ചെയ്യപ്പെട്ട ഡോക്യുമെന്ററിയാണെന്ന് ബോധ്യമായത്. പിന്നീട് ധൈര്യമായി നമ്മുടെ വർക്കുമായി മുന്നോട്ട് പോവുകയായിരുന്നു.

അർഷഖ് സംവിധാനം ചെയ്ത 'Grow വാസു' എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

2 .പ്രോജക്ട് എ. വി. എം ഉണ്ണിയിലേക്ക് എത്തുന്നതെങ്ങനെ?

ഉത്തരം: ഷൂട്ട് തുടങ്ങിയതിന് ശേഷം, ഷൂട്ടിന് സമാന്തരമായി തന്നെയാണ് നമ്മൾ ആർക്കീവ്സ് കലക്ട് ചെയ്ത് തുടങ്ങുന്നത്. അതിന്റെ ഭാഗമായാണ് എ. വി. എം ഉണ്ണിയിലേക്ക് എത്തുന്നതും. ലുക്മാൻ ഇതിന്റെ ഭാഗമായത് തൊട്ട് എ. വി. എം ഉണ്ണിയും വർക്കിന്റെ ഭാഗമായി. വേറെയും പ്ലാറ്റ്ഫോംസ് ശ്രമിച്ചിരുന്നു എങ്കിലും അവരുടെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്യാം എന്നായി തീരുമാനം. അൽഹംദുലില്ലാഹ്, ആ തീരുമാനം നന്നായെന്ന് ഇപ്പൊ തോന്നുന്നു.

"പ്രൊഡക്ഷനൊന്നും സെറ്റ് ആയില്ലെങ്കിൽ തന്നെ സ്വന്തം നിലയിക്ക് എടുത്ത് പൂർത്തീകരിക്കാമെന്നൊരു ഓവർ കോൺഫിഡൻസും അന്നെനിക്കുണ്ടായിരുന്നു. "If you have a phone camera, then make a film" എന്ന ആർട്ട് ഹൌസ് സിനിമാക്കാരുടെ വാചകങ്ങളിലൊക്കെ ഞാൻ ഭയങ്കരമായി ഇൻഫ്ലൂവൻസ്ടായി നിൽക്കുന്ന സമയമായിരുന്നു അത്."


3. നറേറ്റീവിൽ പഴയ കാലങ്ങൾ കാണിക്കുന്നിടത്ത് ഏനിമേഷനും, വോയിസ് ഓവറും ചേർത്ത് കൊണ്ടുള്ള കഥ പറച്ചിൽ സ്വഭാവം തെരഞ്ഞെടുക്കാൻ കാരണമെന്ത് ?

ഉത്തരം: വാസുവേട്ടനെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ വാസുവേട്ടന്റെ ബേക്ക് സ്റ്റോറി എന്തായാലും പറയണമല്ലോ. തൊള്ളായിരത്തി എഴുപത് കാലഘട്ടം സെറ്റിട്ട് ഷൂട്ട് ചെയ്താൽ അതൊരു കമ്മേഴ്ഷ്യൽ പടത്തിന്റെ സ്വഭാവം കൈവരിക്കും. മാത്രല്ല, അങ്ങനെ സെറ്റിട്ട് ഷൂട്ട് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലതാനും. കോസ്റ്റ് എഫക്റ്റീവായി ബേക്ക് സ്റ്റോറി അവതരിപ്പിക്കാനുള്ള മാർഗ്ഗം എന്ന നിലക്കാണ് ഏനിമേഷനിലേക്ക് എത്തുന്നത്.


"ഫ്രേൻസിസിനെ കുറിച്ചുള്ള ഓർമ്മകൾ ഡോക്കിമെന്ററിയിൽ പങ്കു വെക്കുന്നതിനിടയിൽ വാസുവേട്ടന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു, ഇന്നത്തേക്ക് ഇത്ര മതിയെന്ന് പറഞ്ഞ് ആ ദിവസത്തെ ഷൂട്ട് നിർത്തുകയും ചെയ്തു. വളരെ ചെറുപ്പത്തിൽ അച്ചൻ നഷ്ടപ്പെട്ട, കുടുംബത്തെ ഒഴിവാക്കി വിശ്വസിക്കുന്ന ആദർശത്തിന്റെ മാർഗ്ഗത്തിൽ വലിയ പീഡനങ്ങൾ സഹിച്ച ഫ്രേൻസിസ് എന്ന യുവാവിന് പിന്നീട് എന്ത് സംഭവിച്ചു എന്നതൊരു നൊമ്പരമാണ്."


4. ആരായിരുന്നു ഫ്രേൻസിസ്? വാസുവേട്ടന് അവനുമായുള്ള ബന്ധം വിശദീകരിക്കാമോ?

ഉത്തരം: രക്തസാക്ഷി ചാണ്ടിയുടെ മകനാണ് ഫ്രേൻസിസ്. നിലമ്പൂർ വെച്ച് കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തിയതിന്റെ പ്രതികരണമെന്ന നിലയിക്കാണ് ചാണ്ടി കൊല്ലപ്പെടുന്നത്. വാസുവേട്ടനും ആ സമരത്തിന്റെ ഭാഗമായിരുന്നു. 'നക്സൽ ദിനങ്ങൾ' എന്ന ആർ. കെ. ബിജു രാജിന്റെ പുസ്തകത്തിൽ ചാണ്ടിയുടെ കുടുംബം ഗൂഡല്ലൂരിൽ നിന്നും നിലമ്പൂരിലേക്ക് എത്തിയതായാണ് പറയപ്പെടുന്നത്. ചാണ്ടിയോടൊപ്പം തന്നെ സമരങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ഒരാളായിരുന്നു ഫ്രേൻസിസ്. അച്ഛന്റെ മരണ ശേഷം കുടുംബത്തോടൊപ്പം തിരകെ പോകാൻ ഫ്രേൻസിസിനെ വാസുവേട്ടൻ നിർബന്ധിക്കുന്നുണ്ടെങ്കിലും വിപ്ലവത്തിന്റെ പുലരിയെ സ്വപ്നം കണ്ട ചോര തിളപ്പ് മാറാത്ത ആ ചെറുപ്പക്കാരൻ അതിന് തയ്യാറായില്ല. ജയിൽ വാസത്തിനിടയിൽ വാസുവേട്ടൻ പോലും കടുത്ത മാനസിക സംഘർശങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് വാസുവേട്ടൻ തന്നെ പങ്കു വെച്ചിട്ടുണ്ട്. അപ്പൊ പിന്നെ ജയിലിൽ വെച്ച് ഇലക്ട്രിക്ക് ഷോക്കിങ്ങിന് പോലും വിധേയമായിട്ടുള്ള യുവാവായ ഫ്രേൻസിസിന്റെ കാര്യം നമുക്ക് ആലോചിക്കാവുന്നതെയുള്ളൂ! ഫ്രേൻസിസിനെ കുറിച്ചുള്ള ഓർമ്മകൾ ഡോക്യുമെന്ററിയിൽ പങ്കു വെക്കുന്നതിനിടയിൽ വാസുവേട്ടന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു, ഇന്നത്തേക്ക് ഇത്ര മതിയെന്ന് പറഞ്ഞ് ആ ദിവസത്തെ ഷൂട്ട് നിർത്തുകയും ചെയ്തു. വളരെ ചെറുപ്പത്തിൽ അച്ചൻ നഷ്ടപ്പെട്ട, കുടുംബത്തെ ഒഴിവാക്കി വിശ്വസിക്കുന്ന ആദർശത്തിന്റെ മാർഗ്ഗത്തിൽ വലിയ പീഡനങ്ങൾ സഹിച്ച ഫ്രേൻസിസ് എന്ന യുവാവിന് പിന്നീട് എന്ത് സംഭവിച്ചു എന്നതൊരു നൊമ്പരമാണ്.


5. 'ഗ്രോ വാസു'വിന്റെ ഫെസ്റ്റിവൽ അനുഭവങ്ങൾ പങ്കു വെക്കാമോ?

ഉത്തരം: ഏതാണ്ട് നാല് ഫെസ്റ്റിവല്ലുകളിൽ 'ഗ്രോ വാസു' പ്രദർഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ മൂന്നെണ്ണത്തിൽ ഞാൻ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അതിൽ തന്നെ IDSFFKയായിരുന്നു ആദ്യം തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്ര മേള. സ്ക്രീൻ ചെയ്തതിന്റെ പിറ്റേ ദിവസമാണ് അവിടെ Q&A ഉണ്ടായിരുന്നത്. ആരും ഒന്നും ചോദിക്കില്ല എന്ന് വിചാരിച്ചാണ് ഞാൻ പോയതെങ്കിലും പ്രതികരണങ്ങൾ എന്നെ സന്തോഷപ്പെടുത്തിയ കാര്യമാണ്. മറ്റൊരു പ്രധാനപ്പെട്ട ഫെസ്റ്റിവൽ കോഴിക്കോട് വെച്ച് നടന്ന 'ഗുഫ്തുഗു'വാണ്. അവിടുത്തെ സ്ക്രീനിങ്ങിലാണ് വാസുവേട്ടൻ ഡോക്യുമെന്ററി ആദ്യമായി കാണുന്നത്. വാസുവേട്ടൻ സ്ക്രീനിങ്ങിന് ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. "ഞാൻ കരുതിയത് എന്റെ പ്രായം എന്റെ ശരീരത്തെ ബാധിച്ചിട്ടില്ല എന്നാണ്, പക്ഷെ എന്റെ ശബ്ദം പോലും വളരെയധികം മാറിയെന്നത് ഞാൻ ഇന്ന് തിരിച്ചറിഞ്ഞു". ഈ വാക്കുകളെ വാസുവേട്ടനിൽ നിന്നും ഞാൻ എന്റെ ഡോക്യുമെന്ററിക്കുള്ള കോംപ്ലിമെന്റായിട്ടാണ് മനസ്സിലാക്കുന്നത്.


"ഏസ് എ വാസുവേട്ടൻ ഫാൻ ബോയി ഈ ഡോക്യുമെന്ററി വാസുവേട്ടനുള്ള എന്റെ ട്രിബ്യൂട്ടാണ്. ജനങ്ങൾക്കിടയിൽ ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥനായി ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് എനിക്ക് കാണിക്കണമെന്നുണ്ടായിരുന്നു.അതിനപ്പുറത്തേക്ക് വലിയ സന്ദേശം നൽകണമെന്നൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല"


6. വാസുവേട്ടൻ അവസാനമായി അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അർഷഖ് ഡോക്യുമെന്ററി ഷൂട്ട് ചെയ്യുന്നത്. കോടതി വളപ്പിൽ അനേകം മാധ്യമ പ്രവർത്തകർക്കൊപ്പം ഡോക്യുമെന്ററിക്ക് വേണ്ടി വിഷ്വൽസ് പകർത്തിയ അനുഭവം പങ്കു വെക്കാമോ?

ഉത്തരം: വാസുവേട്ടൻ അവസാനമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ മുന്നേ തന്നെ ഡോക്യുമെന്ററി പാക്കപ്പായതായിരുന്നു. ഫസ്റ്റ് കട്ടിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് വാസുവേട്ടൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഡോക്യുമെന്ററി പെട്ടന്ന് തന്നെ ഇറക്കണമെന്ന് നിർബന്ധമില്ലാത്തതിനാലും, ഈ അറസ്റ്റ് കൂടി ഡോക്യുമെന്ററിയുടെ ഭാഗമാക്കണം എന്ന് ബോധ്യമുണ്ടായത് കൊണ്ടുമാണ് കോടതി വളപ്പിലെ ആ സീൻ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത്. ജയിലിൽ പോയി ഷൂട്ട് ചെയ്യുക എന്നത് സാധ്യമല്ലാത്തത് കൊണ്ട് തന്നെ കോടതി വളപ്പിൽ വെച്ച് മാത്രമെ വാസുവേട്ടനെ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ. അനേകം മാധ്യമ പ്രവർത്തകർക്കിടയിൽ പ്രസ്സ് ഐ. ഡി.യൊന്നുമില്ലാതെ എങ്ങനെ ആ ഭാഗം ഷൂട്ട് ചെയ്യുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് സുഹൃത്ത് ഹാറൂൺ സഹായിക്കുന്നത്. ഹാറൂണിന്റെ സഹായത്തോട് കൂടിയാണ് കോടതി വളപ്പിലെ വാസുവേട്ടനെ ഷൂട്ട് ചെയ്യാൻ സാധിച്ചത്.

കോടതി വളപ്പിൽ നിന്നുള്ള ദൃശ്യം - 'Grow വാസു'

7. ആളുകളിലേക്ക് എന്ത് എത്തിക്കണമെന്നാണ് അർഷഖ് ഈ ഡോക്യുമെന്ററിയിലൂടെ ആഗ്രഹിച്ചത്? ആളുകളിലേക്ക് അത് എത്തിയെന്ന് അർഷഖ് വിശ്വസിക്കുന്നുണ്ടോ?

ഉത്തരം: ഏസ് എ വാസുവേട്ടൻ ഫാൻ ബോയി ഈ ഡോക്യുമെന്ററി വാസുവേട്ടനുള്ള എന്റെ ട്രിബ്യൂട്ടാണ്. ജനങ്ങൾക്കിടയിൽ ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥനായി ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് എനിക്ക് കാണിക്കണമെന്നുണ്ടായിരുന്നു.അതിനപ്പുറത്തേക്ക് വലിയ സന്ദേശം നൽകണമെന്നൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഒപ്പം, പുതിയ തലമുറയ്ക്ക് വാസുവേട്ടനെ പരിചയപ്പെടുത്തുക എന്നതും ഈ ഡോക്യുമെന്ററിയുടെ ലക്ഷ്യമായിരുന്നു. IDSFFKയിലെ സ്ക്രീനിങ്ങിന് ശേഷം പുതിയ തലമുറയിൽ പെട്ടൊരാൾ ഡോക്യുമെന്ററിയെ കുറിച്ച് ലെറ്റർ ബോക്സിൽ കുറിച്ചിട്ടത് ഇങ്ങനെയാണ് "Grow Vasu is growing inside me", ഇത് കണ്ടപ്പോ ഞാൻ ഉദ്ദേശിച്ചത് വർക്കായി എന്ന ഒരു സംതൃപ്തി എനിക്ക് തോന്നിയിരുന്നു.


8. വാസുവേട്ടനോടൊപ്പമുള്ള സഹവാസം വിശദീകരിക്കാമോ?

ഉത്തരം: തുടക്കത്തിൽ വളരെ ഔപചാരികമെന്ന നിലയിലായിരുന്നു വാസുവേട്ടനുമായുള്ള ബന്ധം. തുടക്ക സമയങ്ങളിൽ ഷൂട്ട് ചെയ്ത ക്ലിപ്പുകളിൽ ഈയൊരു ഔപചാരിക സ്വഭാവം നിഴലിച്ചു നിൽക്കുന്നതായി കാണാം. പോകെ പോകെ അതൊരു ആത്മ ബന്ധത്തിലേക്ക് വഴി മാറിയെന്ന് വേണം കരുതാൻ. അത് ഡോക്യുമെന്ററിക്ക് ഉപകാരപ്പെടുകയും ചെയ്തു. ഒരിടത്ത് വാസുവേട്ടൻ ചങ്ങാതീയെന്ന് വിളിച്ച് സംസാരിക്കുക കൂടിയുണ്ടായി. വാസുവേട്ടനെ പോലെയൊരാൾ എന്നെ വിശ്വാസത്തിൽ എടുത്തുവെന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഡോക്യുമെന്ററിക്കായി സ്വന്തം വീട് തുറന്ന് തരികയും, അതിനകത്തെ പല നിധികളും നമുക്ക് കാണിച്ച് തരികയും, കഥകൾ പറഞ്ഞു തരികയും ചെയ്യുന്നത് തന്നെ വളരെ സന്തോഷകരമായ കാര്യമാണ്. അതിനെ ഞാനൊരു അംഗീകാരമായി കണക്കാക്കുന്നു.


9. സിനിമ തന്നെയാണോ അർഷഖിന്റെ ലക്ഷ്യം?

ഉത്തരം : സിനിമ തന്നെയാണ് അർഷഖിന്റെ ലക്ഷ്യം. ഡോക്യുമെന്ററി, ആർട്ട് ഹൌസ്, കമ്മേഴ്ഷ്യൽ... അങ്ങനെ വേർതിരിവൊന്നും വേണ്ട. ഏത് തരം സിനിമയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്റ്റോണർ കോമഡി മുതൽ ഫാമിലി ഡ്രാമ വരെ ചെയ്യണമെന്നുണ്ട്.


ഡോക്കിമെന്ററി കാണുന്നതിനായി:

https://youtu.be/wCv7_6tL4QI?si=x5gHnp_7Cvp9O6AW

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.