Mishab

ആഴക്കടലിൽ ഞാനൊരു ഖബർ കണ്ടു,
മുകളിൽ കുറ്റിക്കാടുകൾ മുളച്ചിരിക്കുന്നു
അതിന്റെ ചാരത്ത് പൊട്ടി കഷ്ണങ്ങളായ
ഒരു മീസാൻ കല്ലും.
ഇതാരുടേത്? ഈ മീസാൻ കല്ല് പൊട്ടിച്ചതാര്?
അവിടം ഞാൻ മാത്രം, ഇരുട്ട് ഭയാനകം
പേടിച്ച് വിറ കൊണ്ട് ഞാനോർത്തു
ഈ നേരം തുണയായി എനിക്കാര്?
ആഴക്കടലിൽ വെളിച്ചമായി എനിക്കെന്ത്?
ഞാൻ എന്നിലേക്ക് തന്നെ നോക്കി,
കൈകൾക്ക് തഴമ്പ് പിടിച്ചിരിക്കുന്നു
കാലുകൾക്ക് ചെളി പുരണ്ടിരിക്കുന്നു
ഹൃദയന്തരങ്ങളിൽ ഒരു മനുഷ്യന്റെ ഭാരവും
ഞാൻ തിരികെ ഖബറിലേക്ക് നോക്കി,
എന്റെ ഓർമ്മകൾ ശബ്ദിക്കുന്നു
ഈ ആഴക്കടലും അതിലുറങ്ങുന്ന മനുഷ്യനും
എല്ലാവർക്കും അജ്ഞാതമാണ്, എനിക്കൊഴികെ.
അവസാനമായി കണ്ട നേരം
അയാളെന്നോട് ചൊല്ലി:
"നീ ആശാനെ തോൽപിച്ചു കളഞ്ഞെല്ലോടാ"
വലിയ കാഹളത്തീന്ന് കാറ്റ് വീശുംപോലെ ശബ്ദം
താഴെ കിടന്ന ഖബർ ഇളകി മറിഞ്ഞു
അകത്തു നിന്നവൻ പുറന്തള്ളപ്പെട്ടു,
അതെ, അത് ഞാൻ തന്നെയായിരുന്നു.
എന്റെ ഹൃദയാന്തരങ്ങളിൽ ഖബറടക്കിയത്
ഞാൻ തന്നെ, പക്ഷെ
മീസാൻ കല്ല് പൊട്ടിച്ചത് ആരെന്ന്
ഞാനറിഞ്ഞില്ല.
Mishab
Mishab





