Faisal KK

2004-ലാണ് ഞാൻ ഹജ്ജിനു പോയത്. ഒരുപാട് അനുഭവങ്ങൾ ഹജ്ജുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായിട്ടുണ്ട്. ഹജ്ജ് എന്നത് വിശ്വമാനവികതയുടെ ഉദാത്തമായ ഒരു മാതൃകയാണ്, ലോകത്തുള്ള എല്ലാ തരം മനുഷ്യരെയും ഒരേ ദിശയിൽ കണ്ടുമുട്ടാൻ പറ്റുന്ന ഒരു അനുഭവമാണത്. എല്ലാവരുടെയും മനസ്സൊന്ന്, ലക്ഷ്യമൊന്ന്, വേഷവും ഒന്ന്, സവിശേഷതകൾ സമ്മേളിക്കുന്ന ഒരനുഭവമാണ് ഓരോ ഹാജിമാർക്കും അവരുടെ ഹജ്ജ്.
"അറഫയുടെ മൈതാനിയിലേക്കുള്ള പതിമൂന്നോളം റോഡുകൾ ജനസാഗരമായി തീർന്ന വഴികളിലൂടെ ഞാനും ഒരു തുള്ളിയായി അറഫയിൽ എത്താനുള്ള മോഹത്തിൽ, എല്ലാം അല്ലാഹുവിലേക്ക് തവക്കുൽ ചെയ്ത് കൊണ്ട് അവശതകൾ അലിഞ്ഞു തീർന്ന മനോഹരമായ ഒരു പ്രയാണം."
ഒരു ഹജ്ജനുഭവം ഞാൻ പറയാം. ഹജ്ജിലെ വളരെ പ്രധാനപ്പെട്ട ഒരു ഇബാദത്ത് ആണല്ലോ അറഫ, അറഫയിൽ നിൽക്കാത്തവർക്ക് ഹജ്ജ് ഇല്ലല്ലോ. ഞങ്ങൾ മിനായിൽ നിന്നും അറഫയിലേക്ക് രാവിലെ 5 മണിക്ക് നടന്നു പോകാനാണ് തീരുമാനിച്ചത്, പതിമൂന്ന് കിലോമിറ്റർ നടത്തം. ളുഹ്റിന് ഞങ്ങൾ അറഫയിൽ എത്തും എന്നാണ് പ്ലാൻ. അവിടം ഞങ്ങൾ ഒരു കൂട്ടം പേരുണ്ടെങ്കിലും നാട്ടിൽ നിന്ന് ഒറ്റയ്ക്കാണ് ഞാൻ ഹജ്ജിന് പുറപ്പെട്ടത്. അത് കൊണ്ട് ആരുടെ കൂടെയും എനിക്ക് നിൽക്കമായിരുന്നു.
അറഫയുടെ മൈതാനിയിലേക്കുള്ള പതിമൂന്നോളം റോഡുകൾ ജനസാഗരമായി തീർന്ന വഴികളിലൂടെ ഞാനും ഒരു തുള്ളിയായി അറഫയിൽ എത്താനുള്ള മോഹത്തിൽ, എല്ലാം അല്ലാഹുവിലേക്ക് തവക്കുൽ ചെയ്ത് കൊണ്ട് അവശതകൾ അലിഞ്ഞു തീർന്ന മനോഹരമായ ഒരു പ്രയാണം.
അറഫയിൽ എത്തി അവിടെ തന്നെ തമ്പടിച്ചു അതിനകത്ത് പ്രാർത്ഥനാനിർഭരമായി കൂടുക എന്നതാണ് അവിടം നമ്മൾ ചെയ്യേണ്ടത്. ളുഹർ മുതൽ മഗ്റിബിന് കുറച്ചു മുന്നേ വരെ ആണ് അറഫയുടെ സമയം. നമ്മൾ അവിടെയെത്തിയ ഉടനെ തമ്പ് നിർമിച്ച്, അവിടെ വിശ്രമിച്ചു.
പതിമൂന്നു കിലോമീറ്റർ നടത്തത്തിനിടയിൽ വഴിയിൽ നിന്നൊക്കെ ധാരാളം ഭക്ഷണങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു, പക്ഷെ നടക്കാൻ ബുദ്ധിമുട്ടാകും എന്ന് കരുതി അധികം കുടിക്കാനും തിന്നാനൊന്നും നിന്നില്ല, എന്നാൽ ഇപ്പോൾ നല്ല വിഷപ്പുണ്ട്. ഖുർആൻ പാരായണത്തിലേക്ക് എല്ലാവരും മുഴുകിക്കൊണ്ടിരിക്കുമ്പോൾ, ഒരു കൂട്ടം സൗദി വംശജരായ അറബി സഹോദരന്മാർ നമ്മുടെ തമ്പിലേക്ക് കടന്നു വന്നു നിങ്ങൾക്ക് ഭക്ഷണം ഞങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഞങ്ങളെ സന്തോഷപൂർവ്വം അറിയിച്ചു. വിശന്ന് കണ്ണ് മൂടി അറഫയിലെത്തിയ നമ്മെ സംബന്ധിച്ചിടത്തോളം അതൊരു ആശ്വാസമുള്ള വിളിയായിരുന്നു. വളരെ ഉപചാരപൂർവ്വം അവർ നമ്മളെ തൊട്ടടുത്തുള്ള വലിയൊരു തമ്പിലേക്ക് ആനയിച്ചു. അറബി സ്റ്റൈലിൽ ഹാജിമാർക്ക് വേണ്ടി, ഡസൻ കണക്കിന് വലിയ തളികകളിൽ ഒരാടിനെ മുഴുവനായി പാകം ചെയ്ത് തളികയുടെ നടുവിലും ചുറ്റിലും രുചികരമായ ചാവലും. പത്ത് പേർ വട്ടംചേർന്ന് ഓരോ തളികയ്ക്ക് ചുറ്റും ഇരുന്നു, അങ്ങനെ ഭക്ഷണം കഴിച്ചു തുടങ്ങി.
"എൻ്റെ തൊട്ടടുത്ത് ഭക്ഷണം കഴിക്കുന്നയാൾ മൊറോക്കോകാരനാണ്. മറുവശത്ത് പാകിസ്ഥാനിയും അഫ്ഗാനിയും ഇന്ത്യക്കാരനും മലയാളികളും, എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു, അതും ഒരു പാത്രത്തിൽ കയ്യിട്ടു കൊണ്ട്"
ഭക്ഷണം ഒന്നിച്ച് ഒരു തളികയിൽ കഴിക്കുന്നത് അവരുടെ ഒരു രീതി ആണ്, ഇസ്ലാമിക സാഹോദര്യത്തിന്റെ വലിയൊരു അനുഭവമായി എനിക്കിത് തോന്നി. എൻ്റെ തൊട്ടടുത്ത് ഭക്ഷണം കഴിക്കുന്നയാൾ മൊറോക്കോകാരനാണ്. മറുവശത്ത് പാകിസ്ഥാനിയും അഫ്ഗാനിയും ഇന്ത്യക്കാരനും മലയാളികളും, എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു, അതും ഒരു പാത്രത്തിൽ കയ്യിട്ടു കൊണ്ട്. മലയാളികൾക്ക് ഇങ്ങനെ കഴിക്കുന്ന ശീലമില്ലാത്തത് കൊണ്ട്, വളരെ സൂക്ഷ്മതയോടെ മാത്രമേ എനിക്ക് കഴിക്കാൻ കഴിഞ്ഞുള്ളൂ. ചില അതിർവരമ്പുകൾ ഒക്കെ ഇട്ട് ആ വരമ്പിനുള്ളിൽ നിന്ന് മാത്രം ഞാൻ അത്യാവശ്യമൊക്കെ എടുത്ത് ശ്രദ്ധിച്ചു കഴിക്കും. തൊട്ടടുത്തിരുന്ന മൊറോക്കക്കാരൻ എന്നോട് ഇടയ്ക്കിടെ മതിയോ എന്ന ആംഗ്യ ഭാഷയിൽ ചോദിക്കുന്നുണ്ടായിരുന്നു.
ശേഷം, ഞാൻ ബാക്കി വെച്ച ഭക്ഷണവും കൂടി അദ്ദേഹത്തിൻറെ ഭാഗത്തേക്ക് മാറ്റിയിട്ട് വളരെ കൂൾ ആയി അതും അദ്ദേഹം കഴിച്ചു കൊണ്ടിരിക്കുന്ന കാഴ്ച ഞാൻ നോക്കി നിന്നു പോയി. അദ്ദേഹത്തെ കാണാൻ വലിയ ആഢ്യത്യമുള്ള മനുഷ്യനെ പോലെ തോന്നും, എന്നാലും ഭക്ഷണം വേസ്റ്റ് ആക്കുന്ന കാര്യം പുള്ളിക്കാരന് ഇഷ്ടമല്ലന്ന് തോന്നി. അദ്ദേഹം എന്നോട് അറബിയിൽ ഇഖ്വാനിയ്യത്തിനെപ്പറ്റി ഒക്കെ പറയുന്നുണ്ടായിരുന്നു. നമ്മുടെ സഹോദരന്മാർ ഭക്ഷണമൊക്കെ ഒന്നിച്ച് വേസ്റ്റ് ആക്കാതെ വൃത്തിയിൽ കഴിക്കേണം എന്നായിരിക്കണം അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക എന്ന് ഞാൻ വിചാരിച്ചു
അങ്ങനെ ഒളിമങ്ങാത്ത എത്രയെത്ര അനുഭവങ്ങളാണ് ഓരോ ഹാജിമാർക്കും ഹജ്ജ് സമ്മാനിക്കുക.
Faisal KK
Faisal KK





