Fikr blogs

Varam unit

Fikr blogs

Varam unit

മുഹമ്മദ് നബി ഖുർആനിൽ: റഹ്മത്തുല്‍ ലില്‍ ആലമീന്‍

മുഹമ്മദ് നബി ഖുർആനിൽ: റഹ്മത്തുല്‍ ലില്‍ ആലമീന്‍

Mishab

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِين(21:107)

(ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല)

റഹ്മാനും റഹീമും (ഏറ്റവും കാരുണ്യവാനും കരുണാനിധിയും) ആയ അല്ലാഹു തൻ്റെ സൃഷ്ടികളിലേക്ക് ഒരു പ്രവാചകനെ അയച്ചു. എന്തിന്? അതിലുള്ളതിനെല്ലാം കാരുണ്യമായിക്കൊണ്ട്. കാരുണ്യമായിക്കൊണ്ടല്ലാതെ മറ്റൊന്നിനുമല്ല (إِلَّا رَحْمَةً) എന്ന് കൂടി പറയുന്നു. സത്യവിശ്വാസികൾക്ക് നല്ല വാർത്തയും സത്യനിഷേധികൾക്ക് താക്കീതും നൽകിയത് ആ കാരുണ്യത്തിൻ്റെ ഭാഗമായിക്കൊണ്ടാണ്. നബി (സ) തിരുമേനി അരുൾ ചെയ്തതായി അബൂഹുറൈറ (റ) ഉദ്ധരിച്ചിരിക്കുന്നു : “എൻ്റെ ഉപമ ഒരു മനുഷ്യൻ്റെ മാതിരിയാണ് : അവൻ ഒരു തീ കത്തിച്ചു. ചുറ്റുപാടും പ്രകാശിച്ചപ്പോൾ പാറ്റകളും, തീയിൽ ചെന്നു വീഴാറുള്ള പ്രാണികളും അതിൽ വീഴാൻ തുടങ്ങി, അവൻ അവയെ തടുത്തു കൊണ്ടിരിന്നു. അയാളെ തോൽപിച്ച് അവ അതിൽ തിരക്കിച്ചാടുകയും ചെയ്യുന്നു. (അതുപോലെ) നരകത്തിൽ വീഴാതിരിക്കുവാൻ ഞാൻ നിങ്ങളുടെ അരക്കെട്ടു പിടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളോ, അതിൽ തിരക്കിക്കടക്കുകയും ചെയ്യുന്നു." ഈ പ്രക്രിയയിലൂടെ പ്രപഞ്ചത്തിന് മുഴുവൻ കാരുണ്യമായി മുഹമ്മദ് നബി മാറുന്നു. പ്രപഞ്ചത്തിൻ്റെ അറ്റത്തുള്ള സിദ്റത്തുൽ മുൻത്തഹയെക്കുറിച്ച് തുടങ്ങി നമ്മുടെ ഹൃദയത്തിനുള്ളിൽ നാം ഒളിപ്പിച്ചു വെക്കുന്ന അഭിലാശങ്ങളെക്കുറിച്ചടക്കം പറഞ്ഞുവെച്ച് കൊണ്ടാണ് പ്രവാചകൻ നമ്മിൽ നിന്നും പോയിട്ടുള്ളത്. പ്രകൃതിയോടും പ്രകൃതിനിയമങ്ങൾക്കതീതമായി നിൽകുന്നവയോടും പേരുമാറേണ്ട രീതി നമുക്ക് നബി പഠിപ്പിച്ചു തന്നു, എന്നിട്ടും ആ അപാരകാരുണ്യത്തിൽ നിന്ന് നാം മുഖം തിരിക്കുകയാണ് ചെയ്യുന്നതെങ്കിൽ അതിലും വലിയ അതിക്രമം വേറെയുണ്ടോ?.

لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ(9:128)

(തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.)

ഇവിടെ പ്രവാചകന് തൻ്റെ സഹജീവികളെക്കുറിച്ചുണ്ടായ ആകുലതയെ അല്ലാഹു വിശദീകരിക്കുന്നു. ഇതിലും മനോഹരമായ വർണ്ണന ദിവ്യസന്ദേശം ലഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന നബിയുടെ മാനസികാവസ്ഥയ്ക്ക് നല്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും നമുക്ക് പറ്റുകയില്ല. 'നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും'. രാപ്പകലുകൾ മനുഷ്യരെയോർത്ത് ഹിറാ ഗുഹയിൽ ദുഃഖിച്ച് ഇരുന്ന മുഹമ്മദിന് അല്ലാഹു നേരായ മാർഗം കാണിച്ച് കൊടുത്തു, ഭൂമിയിൽ ഇതിലും വലിയ സമ്മാനം മുഹമ്മദ് ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. ആ മാർഗത്തിലേക്ക് മനുഷ്യരെ വിളിക്കുവാൻ തുടങ്ങി. കുറേ പേർ മനസ്സിലാക്കി വിശ്വസിച്ചു കുറേ പെർ മനസ്സിലാക്കി നിരാകരിച്ചു. നിരാകരിച്ച ആളുകളെയോർത്തും നബി ഒരുപാട് കരഞ്ഞിട്ടുണ്ടായിരുന്നു, ആ സമയം അല്ലാഹു നബിയോട് പറഞ്ഞത്, 'നിൻ്റെ ജോലി പ്രബോധനം മാത്രമാകുന്നു അവരുടെ മേൽ ദുഃഖിച്ചിരിക്കരുത്' എന്നല്ലേ. ഈ സൂക്തത്തിലൂടെ മുഹമ്മദ് നബിയുമായി അടുക്കുവാൻ തോന്നിയിട്ടിലെങ്കിൽ നമ്മുടെ ഹൃദയം എത്ര മാത്രം ഇടുങ്ങിയതായിരിക്കും?

പ്രവാചകനെത്തിച്ച റഹ്മത്തിൻ്റെ ഭാരവാഹികൾ മുസ്ലീംകളായ നാമാണ്. ഈ റഹ്മത്തിൻ്റെ പ്രകാശത്തെ കെടുത്താതെ, ഏറ്റവും ഭംഗിയായി ആ റഹ്മത്തിനെ ഇവിടെ സ്ഥാപിക്കാൻ നമുക്ക് പറ്റണം. അല്ലാഹു അതിന് നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

Mishab

Mishab

R

Create a free website with Framer, the website builder loved by startups, designers and agencies.