Fikr blogs

Varam unit

Fikr blogs

Varam unit

ഏഴ് (ഭാഗം രണ്ട്)

ഏഴ് (ഭാഗം രണ്ട്)

K SHABAS HARIS

Horegallu part 7(2)

ആംസ്റ്റർഡാമിലെ മൂത്ത സഹോദരിയുടെ അടുക്കലേക്ക് അമ്മ പറന്നതിന് ശേഷം സാം ഒന്ന് രണ്ട് തവണ അപ്പനെ കാണുന്നതിനായി തോട്ടത്തിലേക്ക് പോയിരുന്നു. അപ്പോഴൊക്കെയും സാമിന്‍റെ അപ്പൻ ഇട്ടൂപ്പിനെ കാണുന്നതിൽ നിന്ന് പല കാരണങ്ങൾ പറഞ്ഞു കൊണ്ട് മാറി നിന്നു. ഒടുവിൽ, ബാംഗളൂരിലേക്ക് പോകുന്നതിന് മുമ്പായി സാം ഒരിക്കൽ കൂടി അപ്പനെ കണ്ടു.

“അപ്പാ ഞാൻ മറ്റന്നാ ബാംഗളൂരിൽ പുതിയ ജോലിക്ക് കയറും, സ്റ്റാർടിങ്ങി തന്നെ എനിക്ക് അവളെയും മോനെയും അങ്ങട് കൊണ്ട് പോവാൻ പറ്റൂല്ല... എന്നാ അവരെ ആ ഫ്ലാറ്റില് ഒറ്റയ്ക്ക് നിർത്താനും ധൈര്യില്ല... രണ്ടാഴ്ചക്കേലും അപ്പന് അവിടെ വന്ന് നിക്കാവോ?” തോട്ടത്തിന്‍റെ പിൻവശത്തെ പണിക്കാർ വിശ്രമിക്കുന്ന കൂരയിക്കുള്ളിൽ നിന്ന് കൊണ്ട് സാം അപ്പനോടായി ചോദിച്ചു.

“അവ്ടെ തനിച്ച് നിക്കാൻ പറ്റത്തില്ലെന്ന് അവള് പറഞ്ഞോ?” പുതുതായി വാറ്റിയ ചാരായത്തിൽ നിന്ന് രണ്ട് തുള്ളി നാവിലേക്ക് ഇറ്റിക്കുന്നതിനിടയിൽ അപ്പൻ ചോദിച്ചു.

“ഇല്ല.”

“അപ്പൊ പിന്നെ പ്രശ്നം തീർന്നല്ലോ..” അപ്പൻ പതിയെ എഴുന്നേറ്റ് തോട്ടത്തിന് നടുവിലേക്ക് നടന്ന് തുടങ്ങി.

“അപ്പൻ പണ്ട് ഭാര്യയെയും മക്കളെയും ഇട്ടേച്ച് പോയത് പോലെ എനിക്ക് പറ്റത്തില്ലല്ലോ.” റബ്ബർ തോട്ടത്തിൽ ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. സാമിന്‍റെ അപ്പൻ തിരിച്ച് കൂരയിലേക്ക്, സാമിന്‍റെ അരികിലേക്ക് നടന്നു.

“എല്ലാവർടെയും കൂടെ ചേർന്ന് കള്ളനെന്ന് വിളിച്ചപ്പോ ഇറങ്ങി പോയത് നിന്‍റെ അമ്മച്ചിയോടുള്ള ദേഷ്യം കൊണ്ടല്ല, ഒന്ന് രണ്ട് ദീസം മാറി നിന്ന അവള് എന്‍റെ അടുക്കലേക്ക് മക്കളെയും കൂട്ടി വരുവെന്ന് ഞാൻ വിചാരിച്ച്. ങ്ങനെ വന്നാ എനിക്ക് ഒന്നും രണ്ടും പറഞ്ഞ് അവൾടെ മുമ്പി ആളവാലോ. ഞാനില്ലാതെ അവക്ക് പറ്റത്തില്ലന്നാട ഞാൻ കരുതിയെ... പക്ഷെ, അവളെന്നെ തോൽപ്പിച്ച് കളഞ്ഞടൊ! മക്കൾടെ കാര്യങ്ങള് അവള് ഒറ്റക്ക് ചെയ്യണത് കണ്ടപ്പോ, നിന്‍റൊക്കെ പഠിത്തത്തിന്‍റെ കാര്യങ്ങള് ഒരാൾടെ മുന്നിലും കൈ നീട്ടാതെ അവള് റെഡിയാക്കണത് കണ്ടപ്പോ ഞാനാകെ തകർന്ന് പോയടോ... ഞാനല്ല കട്ടതെന്നറിഞ്ഞപ്പോ പള്ളിയിലെ അച്ഛൻ വഴി അവളെന്നെ കാണാനൊക്കെ ശ്രമം നടത്തിയായിര്ന്ന്... ന്‍റെ ഉള്ളി നീറി തുടങ്ങിയ വാശി കാരണം ഞാനവളെ കണ്ടില്ല... മക്കളെ അപ്പൻ കാണാൻ വരാതിര്ന്നത് നിന്നോടൊക്കെയുള്ള ദേഷ്യം കൊണ്ടാണെന്നാണോ നീ വിചാരിച്ചെ, എനിക്കതിന് പറ്റാത്തോണ്ടാടാ...” അപ്പന്‍റെ വിങ്ങലുകൾക്കൊടുക്കം പുറത്തെ ചീവീടുകൾ ശബ്ദിച്ചു തുടങ്ങിയത് സാമിന് കേൾക്കാമായിരുന്നു. ആ രാത്രിയിൽ സാം അപ്പന്‍റെ കൂടെ കിടന്നു. ഉറക്കത്തിലേക്ക് വീഴുന്നതിന് മുമ്പായി അപ്പൻ സാമിന്‍റെ ആവശ്യത്തെ വീണ്ടും പരിഗണിച്ചു.

“അവളെയും ഇട്ടൂപ്പിനെയും ഇങ്ങട് കൊണ്ട് വിട്ടൂടെ?” അപ്പന്‍റെ ചോദ്യത്തെ അവഗണിച്ച സാം ഉറക്കം അഭിനയിച്ച് ചെരിഞ്ഞ് കിടന്നു.

“ഇങ്ങടേക്ക് വന്നാ ചെറുക്കന് അത് നല്ല ചേഞ്ച് ആയിരിക്കും, അവക്കും. അവനിവ്ടെ വന്നാ ന്‍റെ കുടിയൊക്കെ നിക്കും... എനിക്കേതായാലും ഇനിയും അങ്ങടേക്ക് പോവാൻ വയ്യ. നീയൊന്ന് അവളോട് കൂടി സംസാരിക്ക് എന്നിട്ട് പറ.” നേരം പുലരുവോളമുള്ള സാമിന്‍റെ ആലോചനകൾക്കൊടുവിൽ സാം അപ്പന്‍റെ ആശയത്തെ ഭാര്യയുടെ മുന്നിൽ അവതരിപ്പിക്കാൻ തന്നെ തീരുമാനിച്ച് കൊണ്ട് തോട്ടത്തിൽ നിന്നും പുറപ്പെട്ടു.

“ഇപ്പൊ ജോലിയാണ് വലുത് ഇച്ചായ... എസ്റ്റേറ്റിൽ ഞാൻ പോയി നിന്നാ വല്ലതും പറയാനിരിക്കുന്ന നാട്ടാരല്ലല്ലോ നമുക്ക് ചെലവിന് തരണത്... ഇട്ടൂപ്പ് കുറച്ചൂടി വലുതായ നമക്ക് അവനെ ഏതേലും നല്ല ബോഡിങ്ങിലേക്കും മാറ്റാം, അതാവുമ്പോ എനിക്കും പഴയ ജോലി തുടരാലോ..” മേശപ്പുറത്തെ കോൺഫ്ലേക്സ് കുഞ്ഞ് വിരലുകളിട്ട് ഇളക്കിക്കൊണ്ടിരിക്കെ ഇട്ടൂപ്പ് മമ്മയുടെ വാക്കുകൾക്ക് കാതോർത്തു.

“അപ്പന്‍റെ ഇപ്പോഴത്തെ ഒരു അവസ്ഥയില് നിന്നെയും മോനെയും തോട്ടത്തിലാക്കി പോവാന്ന് വെച്ച...” ഇട്ടൂപ്പിന്‍റെ കണ്ണുകളിലേക്ക് നോക്കി പതിയെ തീൻമേശയിൽ നിന്നെഴുന്നേറ്റ സാം അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ വിക്കി വിക്കി തന്‍റെ വലിയൊരു ആശങ്ക ഭാര്യയോടായി പങ്കു വെച്ചു.

“അപ്പനെത്ര വലിയ കുടിയനാണെങ്കിലും, അപ്പന് ഞാനൊരു മകളാണ് സാം.” ഭാര്യയുടെ നിസ്സാരമല്ലാത്ത ബോധ്യത്തിന് മുന്നിൽ സാം ചെറുതായിയൊന്ന് ഇടറി.

ബാംഗളൂരിലേക്ക് പോകേണ്ടുന്ന തലേ ദിവസം വൈകുന്നേരം സാം ഇട്ടൂപ്പിനെയും കൊണ്ട് അപാർട്മെന്‍റിലെ പാർക്കിലേക്ക് നടന്നു. ഊഞ്ഞാലിൽ നിന്ന് സ്ലൈഡിലേക്കും സ്ലൈഡിൽ നിന്ന് തിരിച്ച് ഊഞ്ഞാലിലേക്കും ഓടിക്കൊണ്ടിരുന്ന ഇട്ടൂപ്പിനെ സാം തന്‍റെ കൈകളിലേക്ക് വാരിയെടുത്തു. ഊഞ്ഞാലിൽ ഇരിക്കാൻ കഴിയാത്തതിന്‍റെ സങ്കടത്തിൽ നിലവിളിക്കാൻ തുടങ്ങിയ ഇട്ടൂപ്പിന്‍റെ നെറ്റിയിൽ സാം ചുംബിച്ചു. അപ്രതീക്ഷിതമായി തന്‍റെ നെറ്റിയിൽ അപ്പന്‍റെ വിറയാർന്ന ചുണ്ടുകൾ പതിച്ചപ്പോൾ, നിലവിളി നിർത്തിയ ഇട്ടൂപ്പ് തന്‍റെ ഇരുകാതുകളും അപ്പന്‍റെ വാക്കുകൾക്കായി അർപ്പിച്ചു.

“ഇട്ടൂപ്പിന് അപ്പനുള്ളത് പോലെ അപ്പനുമൊരു അപ്പനുണ്ട്. ഇന്ന് നൈറ്റ് ഇട്ടൂപ്പിനെയും മമ്മയെയും അപ്പൻ ആ അപ്പന്‍റെ അടുത്തേക്ക് കൊണ്ട് വിടും. മോനവരെ അപ്പൂപ്പാന്ന് വിളിച്ച മതി, ആ അപ്പൂപ്പൻ ഇട്ടൂപ്പിന് കൊറേ ഹിൽസും, ബർട്സും, ട്രീസുമൊക്കെ കാണിച്ചരും, പിന്നെ അപ്പൂപ്പന്‍റെ കൊറേ ഫ്രണ്ട്സിനെയും... അപ്പൻ ഇട്ടൂപ്പിനെയും മമ്മയെയും കൊറച്ച് ദിവസങ്ങൾ കഴിഞ്ഞാ വന്ന് കൂട്ടിക്കോളാം... ആരേലും അപ്പനെന്തിനാ ബാംഗ്ലൂര് പോയേന്ന് ചോയിച്ച മോന് എന്നതാ പറയാ?”

“ന്നെ വൽതാക്കാൻ പോയതാണെന്ന് പറയും.”

“അയ്യോ, ഇത് നിനക്ക് ആര് പറഞ്ഞ് തന്നെ?” മകനെ വാരിപ്പുണർന്ന് ചുംബിക്കുന്നതിനിടയിൽ സാം ചോദിച്ചു.

“മമ്മ”

((തുടരും))

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.