Fikr blogs

Varam unit

Fikr blogs

Varam unit

ഫസൽ വധ കേസും അക്രമ രാഷ്ട്രീയത്തിൽ സി പി എം അനുഭവിച്ച് പോരുന്ന പ്രിവിലേജും

ഫസൽ വധ കേസും അക്രമ രാഷ്ട്രീയത്തിൽ സി പി എം അനുഭവിച്ച് പോരുന്ന പ്രിവിലേജും

K SHABAS HARIS

പാനായിക്കുളം സിമി കേസിൽ യുഎപിഎ ലഭിച്ച് ജയിലിൽ കഴിയുകയും, പിന്നീട് കോടതി നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത റാസിഖ് റഹീം 'തടവറക്കാലം' എന്ന തന്റെ ജയിൽ അനുഭവ പുസ്തകത്തിൽ കേരളത്തിലെ പത്ര മാധ്യമങ്ങൾ അദ്ദേഹത്തിന്റെ കേസിനെ സമീപിച്ച രീതിയെ കുറിച്ച് വളരെ വിശദമായി തന്നെ വിവരിക്കുന്നുണ്ട്.

കേരളത്തിലെ ഒരു മുഖ്യധാര പത്രം അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ ഭാര്യയും ചേർത്ത് കൊടുത്ത വാർത്തയും, നിലവിൽ സിപിഎമ്മിന്റെ നേതാക്കളിൽ ഒരാളായിട്ടുള്ള മുൻ ടെലിവിഷൻ മാധ്യമ പ്രവർത്തകൻ അയാളുടെ ചാനലിൽ നൽകിയ പാനായിക്കുളം കേസുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. രണ്ട് വാർത്തകളും അടിസ്ഥാനമില്ലാത്ത നുണകളാണെന്ന് ബോധ്യപ്പെട്ട റാസിഖിന്റെ ബന്ധുക്കൾ പ്രസ്തുത മാധ്യമ സ്ഥാപനങ്ങളെ ബന്ധപ്പെട്ടപ്പോൾ അവിടെ നിന്ന് ലഭിച്ച മറുപടി പോലീസിൽ നിന്ന് കിട്ടിയ വിവരത്തിന് അടിസ്ഥാനമായി നൽകിയ വാർത്തകളായിരുന്നു അത്‌ എന്നാണ്.

റാസിക് റഹീം - തടവറക്കാലം

ഇന്ത്യയിൽ ഒട്ടാകെ മുസ്ലിംകളെ പ്രതി ചേർത്ത് നിർമ്മിച്ചെടുത്ത ഭീകരവാദ കേസുകളിൽ പലപ്പോഴും കോടതികൾ പോലീസ് സമർപ്പിച്ച ചാർജ് ഷീറ്റുകളെ നിഷിദ്ധമായി വിമർശിച്ച സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മുസ്ലിംകൾ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഭീകരവാദ കേസുകളിൽ പ്രതികൾ നിരപരാധികളെന്ന് കോടതി കണ്ടെത്തിയ നിമിഷങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമോഫോബിയ എന്ന ഒന്ന് നിലനിൽക്കുന്നുണ്ടെന്നും, ലോകത്തിന്റെ പല ഭാഗങ്ങളിലായി മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് വേണ്ടി അന്യായമായ അറസ്റ്റുകൾ സംഭവിക്കുണ്ടെന്നും, ഇന്ത്യ രാജ്യത്തും അതൊരു യഥാർഥ്യമാണെന്നും നല്ല പോലെ ബോധ്യമുള്ള ഇടതുപക്ഷ ചിന്താഗതിക്കാരനായ മുതിർന്ന ടെലിവിഷൻ മാധ്യമ പ്രവർത്തകനാണ് ഒട്ടും അടിസ്ഥാനമില്ലാത്ത വാർത്ത ബിഗ് ബ്രയിക്കിങ്ങായി ഔട്ട് ചെയ്തതിന് ശേഷം പ്രതിയുടെ കുടുംബകാരോട് വാർത്തയുടെ അവലംബം പോലീസ് വൃത്തങ്ങളാണെന്ന് പറയുന്നതെന്ന് ഓർക്കണം! പോലീസിന്റെ ഭാഗത്ത് നിന്നുള്ള കണ്ടെത്തൽ എന്നതിനപ്പുറം ഇത്തരത്തിലുള്ള വാർത്തകൾ പലപ്പോഴും പൊതു മധ്യത്തിലേക്ക് മാധ്യമങ്ങൾ എത്തിക്കുന്നത് തെളിയിക്കപ്പെട്ട സത്യം എന്ന നിലയിലാണ്. പിന്നീട് കോടതിയോ, അന്വേഷണ ഉദ്യോഗസ്ഥരോ തന്നെ പ്രസ്തുത സംഗതി തെറ്റാണെന്ന് കണ്ടെത്തിയാൽ തന്നെ മാധ്യമങ്ങൾ പണ്ട് നൽകിയ വാർത്ത പലപ്പോഴും തിരുത്താറുമില്ല...

ഭീകരവാദ കേസുകളിൽ നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെടുന്ന മുസ്ലിംകളെ പോലീസ് വേട്ടയാടുന്ന രീതി:

മുകളിൽ സൂചിപ്പിച്ച മാധ്യമങ്ങളുടെ ഈ സമീപനത്തിന് പുറമെ പോലീസിന്റെ ഭാഗത്ത് നിന്നും ഭീകരവാദ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് നിരപരാധികളെന്ന് കണ്ടെത്തപ്പെട്ട് വിട്ടയക്കപ്പെടുന്ന മുസ്ലിംകൾ ദുരനുഭവം നേരിടുന്നുണ്ട്.

ഇത്തരം കേസുകളിൽ പ്രതി ചേർക്കപ്പെട്ട് പിന്നീട് വിട്ടയക്കപ്പെടുന്ന മുസ്ലിംകളെ അവരുടെ തൊഴിലിടങ്ങളിൽ ചെന്ന് അന്വേഷണം നടത്തി ശല്യപ്പെടുത്തുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ കുറിച്ചും റാസിഖ് റഹീമിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

"പ്രതി ചേർക്കപ്പെട്ട് പിന്നീട് വിട്ടയക്കപ്പെടുന്ന മുസ്ലിംകളെ അവരുടെ തൊഴിലിടങ്ങളിൽ ചെന്ന് അന്വേഷണം നടത്തി ശല്യപ്പെടുത്തുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ കുറിച്ചും റാസിഖ് റഹീമിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്."

ഏതാണ്ട് മൂന്ന് വർഷം മുമ്പ് എറണാകുളത്ത് വെച്ച് മാർട്ടിൻ എന്ന ഭീകരവാദി യഹോവ സാക്ഷികളുടെ പ്രാർത്ഥന സദസ്സിൽ ബോംബ് പൊട്ടിച്ചപ്പോൾ പോലീസ് ആദ്യം ചെന്നെത്തിയത് പാനായിക്കുളം സിമി കേസിലെ പ്രതികളുടെ വീട്ടിലാണ്. കേരളത്തിലെ മുഖ്യധാര ചാനലുകൾ ഒക്കെയും എന്തെങ്കിലും വസ്തുത ലഭിക്കുന്നതിന് മുന്നെ തന്നെ പിന്നിൽ 'ഇസ്ലാമിക ഭീകരവാദം' എന്ന ആഖ്യാനം നിർമ്മിച്ചെടുക്കുകയും ചെയ്തു!

കളമശ്ശേരി സ്ഫോടനം കേസിലെ പ്രതികളായി പോലീസ് കസ്റ്റടിയിൽ എടുത്ത അബ്ദുൽ സത്താർ(ഇടത്) നിസാം പാനായിക്കുളം (വലത്), പിന്നീടാണ് മാർട്ടിൻ കുറ്റം സമ്മതിക്കുന്നത്. (maktoobmedia.com)

ഇത്തരത്തിൽ പലപ്പോഴും മുസ്ലിംകളെ വിടാതെ പിന്തുടരുന്ന ഭരണകൂട - മാധ്യമ സ്ഥാപനങ്ങൾ ഇസ്‌ലാമിന് പുറമെയുള്ള സംഘടനകൾ, പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനമായ സിപിഎം കേരളത്തിൽ നടത്തി വന്നിട്ടുള്ള അക്രമ പരമ്പരകളോട് സ്വീകരിച്ച നയം എന്തെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

ഈ അടുത്താണ് കണ്ണൂരിൽ ഒരു വയോധികൻ ആളില്ലാത്ത പറമ്പിൽ തേങ്ങ പിറക്കുന്നതിനിടയിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ടത്. അതിന് പിന്നിൽ സിപിഎം ആണെന്ന് പ്രദേശവാസി തന്നെ പറഞ്ഞിട്ടും മുന്നെ ഏതെങ്കിലും കേസിൽ പിടിക്കപ്പെട്ട സിപിഎം നേതാക്കളുടെ വീടുകളിലേക്ക് പോലീസുകാർ കയറി ചെന്നോ? അവരിൽ ആർക്കെങ്കിലും നേരെ അന്വേഷണം നീണ്ടോ?

ടി പി ചന്ദ്ര ശേഖരൻ കേസിലെ പ്രതികൾക്ക് നിരന്തരം പരോൾ ലഭിച്ച് കൊണ്ടിരിക്കുന്ന വാർത്ത നമ്മൾ വായിച്ചതാണ്. ഏറ്റവും ഒടുവിൽ വന്ന വാർത്ത ഫസൽ വധ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ കരായി രാജനെന്ന സിപിഎം നേതാവ് തലശ്ശേരിയിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു എന്നാണ്. 9 വർഷകാലം കോടതി കണ്ണൂരിലേക്ക് പ്രവേശിക്കുന്നത് പോലും വിലക്കിയ സിപിഎം നേതാവാണ് കരായി രാജൻ എന്ന് ഓർക്കണം. ഫസൽ കേസിലെ വിചാരണ ഇത് വരെ തീർന്നിട്ടില്ല എന്നത് മറ്റൊരു വസ്തുത.

കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ വിചാരണ പോലുമില്ലാതെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ് ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കപ്പെട്ട ശേഷവും പോലീസും, മാധ്യമങ്ങളും വിടാതെ പിന്തുടരുന്ന മുസ്ലിം ചെറുപ്പക്കാർ ഒരു ഭാഗത്ത്... അതേ സമയം വിചാരണ കഴിയാത്ത സുപ്രധാനപ്പെട്ട കൊലക്കേസുകളിലെ പ്രതികൾ എൽ ഡി എഫിനായി ജനവിധി തേടുന്ന സാഹചര്യം മറുഭാഗത്ത്!

ഈ മുസ്ലിം ചെറുപ്പക്കാർക്ക് ലഭിക്കാത്ത എന്ത് പ്രിവിലേജാണ് സിപിഎം നേതാക്കൾക്കുള്ളത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാലാണ് കേരളീയ സമൂഹത്തിൽ എത്രത്തോളം ആഴത്തിലാണ് ഇസ്ലാമോഫോബിയ വേരൂന്നി നിൽക്കുന്നതെന്ന് നമുക്ക് ബോധ്യമാവുകയുള്ളൂ...

'മുസ്ലിം പ്രതികൾക്ക്' ലഭിക്കാതെ പോകുന്ന പ്രിവിലേജ്:

2001 സെപ്തംബറിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്ക മുസ്ലിം നാടുകളിലേക്ക് അധിനിവേശം വ്യാപിപ്പിക്കാൻ 'വാർ ഓൺ ടെറർ' എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി ഇസ്‌ലാമെന്ന ദർശനവും, അത്‌ പ്രതിനിധാനം ചെയ്യുന്ന സകല സംഗതികളും ലോകത്തിന് ആപത്താണെന്നും, മുസ്ലിംകൾ ഭീകരവാദികളാണെന്നും എന്നൊരു ആഖ്യാനം അമേരിക്കയ്ക്ക് നിർമ്മിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സംഘപരിവാറും ഇതേ ആഖ്യാനം മുഖ്യധാര മാധ്യമങ്ങളിലൂടെയും, ജനകീയ കലകളിലൂടെയും കടത്തി വിടുന്നുണ്ട്. ഇതിന് പുറമെ വലിയൊരു അർത്ഥത്തിൽ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി മുസ്ലിം ചെറുപ്പക്കാരെ ഭീകരവാദ മുദ്രകുത്തി പിടിച്ചു കൊണ്ട് പോകുന്ന സാഹചര്യവും ഉണ്ടായി. ഇതിന് മാധ്യമങ്ങളും കൂട്ട് നിന്നു.

ഇതോട് കൂടി മുസ്ലിം പേരുള്ള ഏതെങ്കിലും, വ്യക്തിയോ അല്ലെങ്കിൽ മുസ്ലിം നാമധാരികൾ ഉൾപ്പെടുന്ന സംഘടനകളോ ചെയ്യുന്ന കുറ്റകൃത്യം പെട്ടെന്ന് തന്നെ ഒരു ഭീകരവാദമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ട് തുടങ്ങി. അത്തരത്തിലുള്ള സംഭവങ്ങളെ ഹിന്ദുത്വയും, ലിബറലുകളും ചേർന്ന് ഇസ്‌ലാമിനെതിരെയുള്ള പ്രചരണ ആയുധമാക്കി തീർക്കുകയും ചെയ്തു.

എന്നാൽ, ഇസ്‌ലാമിന് പുറത്തുള്ള സംഘടനകളോ, വ്യക്തികളോ ചെയ്തു വരുന്ന കുറ്റകൃത്യങ്ങൾ ഈ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുമില്ല.

അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജോസഫ് മാഷിന്റെ കൈ വെട്ട് കേസും, ടി പിയുടെ കൊലപാതകവും.

ജോസഫ് മാഷിന്റെ കൈവെട്ട് കേസിനെ മാധ്യമങ്ങൾ അവതരിപ്പിച്ചതും, പൊതു ജനങ്ങൾ വിശ്വസിച്ചതും 'മത'ത്തിന്റെ പ്രശ്നമായി കൊണ്ടാണ്. ആ കുറ്റകൃത്യത്തിൽ പങ്കുകൊണ്ട വ്യക്തികളെക്കാൾ കൂടുതൽ വിമർശിക്കപ്പെട്ടത് ഇസ്‌ലാമും, ആ ദർശനം മുന്നോട്ട് വെക്കുന്ന 'ജിഹാദ്' പോലെയുള്ള സങ്കൽപ്പങ്ങളുമാണ്.

എന്നാൽ 51 വെട്ടേറ്റ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പാർട്ടി പത്രവും, സിപിഎം നേതാക്കളും കൊലപാതകത്തെ ആഘോഷിക്കുകയാണ് ചെയ്തത്! എന്നിട്ടും ഇന്നേ വരെ ടി പി കേസിൽ സിപിഎം എന്ന സംഘടനയുടെ പ്രത്യയശാസ്ത്രത്തെ കുറിച്ചോ, സംഘനയുടെ ഉൾപാർട്ടി ജനാധിപത്യത്തെ കുറിച്ചോ ആരും ചർച്ച ചെയ്യാറില്ല.

മാധ്യമങ്ങൾ ആ വധത്തെ അവതരിപ്പിച്ചതും, പൊതു ജനങ്ങൾ അതിനെ മനസ്സിലാക്കിയതും 'രാഷ്ട്രീയ കൊലപാതകം' എന്ന നിലയിൽ മാത്രമാണ്...

സി. പി. എമ്മിന്റെ രാഷ്ട്രീയ തന്ത്രം:

സിപിഎം തങ്ങളുടെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിക്കാറുള്ളത് 'സംഘപരിവാർ' വിരുദ്ധത എന്ന നിലയിലാണ്. ജനാധിപത്യവും, ഭരണഘടനയും, നിയമ വ്യവസ്ഥയും നിലനിൽക്കുന്ന ഒരു രാജ്യത്ത് ആർ എസ് എസ് പോലൊരു വംശീയ പ്രത്യയശാസ്ത്രത്തോട് സായുധമായി പോരാടുന്ന യുക്തിയില്ലായ്മ നിലനിൽക്കുമ്പോൾ തന്നെ സിപിഎമ്മിന്റെ ന്യായീകരണ വാദം വസ്തുത വിരുദ്ധമാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് വിധേയമായത് ഏറ്റവും കൂടുതൽ ആർ എസ് എസ് ആണെങ്കിലും അതൊരിക്കലും പ്രത്യയശാസ്‌ത്രപരമല്ല.

കാരണം, ഹിന്ദുത്വ വംശീയത പേറുന്ന പല വിദ്വേശ - വർഗ്ഗീയ ആശയങ്ങൾ നിലവിൽ സിപിഎമ്മും ഏറ്റെടുത്തതായി കാണാം. അത്‌ കൊണ്ട് തന്നെ സിപിഎമ്മിന്റെ സായുധമായിട്ടുള്ള സംഘപരിവാർ വിരുദ്ധത പ്രത്യയശാസ്ത്രപരമല്ലെന്നും, അത്‌ സംഘടനയുടെ കേവല നിലനിൽപ്പിന് മാത്രമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇതിന് പുറമെ സിപിഎം ആക്രമണങ്ങളിൽ പ്രതികളായ പാർട്ടി സഖാക്കളെ പലപ്പോഴും പാർട്ടിയിൽ നിന്ന് മാറ്റി നിർത്താറുമില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കരായി രാജൻ തന്നെ.

"സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് വിധേയമായത് ഏറ്റവും കൂടുതൽ ആർ എസ് എസ് ആണെങ്കിലും അതൊരിക്കലും പ്രത്യയശാസ്‌ത്രപരമല്ല."

2006ലാണ് പോപുലർ ഫ്രണ്ട് പ്രവർത്തകൻ ഫസൽ തലശ്ശേരിയിൽ വെച്ച് കൊല്ലപ്പെടുന്നത്. ആദ്യം ആർ എസ് എസ്സാണ് ആക്രമണത്തിൽ പിന്നിൽ എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ സിപിഎം വിട്ട് പോപുലർ ഫ്രണ്ടിന്റെ ഭാഗമായതിന്റെ പക വീട്ടലിന്റെ ഭാഗമായി സിപിഎം തന്നെയാണ് കൊല ചെയ്തതെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. 2012ൽ കരായി രാജനും, അദ്ദേഹത്തിന്റെ സഹോദരൻ കരായി ചന്ദ്രശേഖരനും ഈ കേസിൽ ഏതാണ്ട് ഒന്നര വർഷം ജയിൽ വാസം അനുഭവിക്കുന്നുണ്ട്. 2013ലാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്. പിന്നീട് സി പി എം കരായി സഹോദരങ്ങളെ ത്രിതല തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നുണ്ട്. രണ്ട് പേരും വിജയിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ചയർമാനായി കരായി ചന്ദ്രശേഖരൻ മാറിയപ്പോൾ, കരായി രാജൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായി. എന്നാൽ എറണാകുളം ജില്ല വിടരുതെന്ന കോടതി വിലക്ക് നിലനിന്നതിനാൽ ഇരുവരും സ്ഥാനം രാജി വെക്കുകയായിരുന്നു.

സിപിഎം പൊതുയിടങ്ങളിൽ തന്നെ തങ്ങളുടെ അക്രമങ്ങളെ ന്യായീകരിക്കുകയും, പ്രതികൾക്ക് സ്ഥാനങ്ങൾ നൽകി ആദരിക്കുകയും ചെയ്യുന്നു. ഇത് മുഖ്യധാര മാധ്യമങ്ങൾക്കും, പൊതു ജനങ്ങൾക്കും വലിയ പ്രശ്നമായി തോന്നുന്നുമില്ല.

അതേ സമയം കെട്ടിച്ചമക്കപ്പെട്ട ഭീകരവാദ കേസുകളിൽ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷവും മുസ്ലിം വ്യക്തികൾക്കും, സംഘടനകൾക്കും സുഖകരവും, സമാധാനപരവുമായ പൊതു ജീവിതം സാധ്യമാകുന്നുമില്ല.

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.