Sumayya L C

ഓർമ്മകൾ.
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം, സ്കൂളിൽ അന്ന് ആദ്യമായി ഒരു സിനിമ കാണിക്കാൻ പോവുകയാണെന്നും അതിനായ് എല്ലാവരും രണ്ടു രൂപ കൊണ്ടു വരണമെന്നും വിനു മാസ്റ്റർ വന്നു പറയുന്നു. സിനിമ ഏതാണെന്നോ, എന്താണെന്നോ അറിയാതെ ഞാനും പൈസ കൊടുത്തു മുൻ സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചു. സിനിമ തുടങ്ങി........................
അതുവരെ കണ്ടോണ്ടിരുന്ന എന്റെ കൂട്ടുകാരെയൊന്നും കാണാൻ പറ്റാതായി. മൊത്തം ഇരുട്ട്. എന്താണെന്നറിയില്ല ആ ഇരുട്ട് എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വീട്ടിൽ ധൈര്യശാലിയായി ഏത് ഇരുട്ടിലും ഒറ്റക്ക് നടന്നു പോകുന്ന ഈ ഞാൻ ചുറ്റിലും ഒരുപാട് പേരുണ്ടായിട്ടും ഭയന്ന് നിലവിളിച്ചു. എന്റെ ഹൃദയം പടപാടാന്നിടിക്കുന്നുണ്ടായിരുന്നു. ഞാൻ ഉറക്കെ കരഞ്ഞു. കരച്ചിലിനിടയിലും ഞാൻ സ്‌ക്രീനിൽ കണ്ടു പടത്തിന്റെ പേര് - "കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ". എന്റെ കരച്ചിൽ കേട്ട് ഓടി വന്ന ബിന്ദു ടീച്ചർ സ്നേഹത്തോടെ എടുത്ത് മടിയിലിരുത്തി. സിനിമ കഴിയുന്നത് വരെ ഞാൻ ടീച്ചറുടെ മടിയിലായിരുന്നു. സിനിമയൊന്നും കണ്ടില്ല, കാണാൻ തോന്നിയില്ല, കണ്ണടച്ചിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം.... അതങ്ങനെയാണല്ലോ ജീവിതത്തിലെ പല കാര്യങ്ങളും മണ്ണോട് ചേരുന്നത് വരെയും മറക്കാൻ സാധിക്കില്ല. നല്ലതായാലും മോശമായാലും.
വർഷങ്ങൾക്ക് ശേഷവും ഇതുപോലുള്ള ഇരുട്ട് മനസ്സിനെ ഭയപ്പെടുത്താറുണ്ട്. ചുറ്റിലും ഒരുപാട് പേർ ഉണ്ടായിട്ടും ഒറ്റപ്പെട്ട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ഒന്ന് കരയാൻ പോലും സാധിക്കാതെയുള്ള അവസ്ഥ. ആഗ്രഹിച്ചു പോകാറുണ്ട് ആ ഭയപ്പെടുത്തുന്ന ഇരുട്ട് മാറ്റാൻ സാധിക്കുന്ന എന്റെ ബിന്ദു ടീച്ചറെ പോലെയുള്ള ആരെങ്കിലും കൂടെ ഉണ്ടായിരുന്നുവെങ്കിലെന്ന്.......
ഹൃദയത്തെ അത്രെയേറെ സന്തോഷിപ്പിച്ചും നോവിച്ചും കടന്ന് പോയ ഒരുപാട് നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരുപാട് ഓർമ്മകൾ.... ഓർമ്മകൾ നമ്മുടെ അനുഭവങ്ങളെയും മനോഹരമായ ചലനങ്ങളെയും ഇഴച്ചർക്കുന്ന നൂലുകളായി വർത്തിക്കുന്നു. ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർക്കുന്ന മനോഹരമായ ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. മനുഷ്യനെപ്പോഴും സമ്പന്നനാകുന്നത് ഒരുപാട് ഓർമ്മകൾ ഉണ്ടാകുമ്പോഴേല്ലേ?? അതേ ; ഓർമകളാണ് മനുഷ്യനെ സമ്പന്നനാക്കുന്നത്. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം......അല്ലെങ്കിൽ പിന്നെന്ത് ജീവിതം. കടമെടുത്ത വരികളും കൂടെ ചേർക്കട്ടെ......
നാം വേഴാമ്പലിനെ പോലെ കാത്തിരിക്കും. രാപ്പടിയെ പോലെ കേണു കൊണ്ടിരിക്കും. പക്ഷെ സ്നേഹത്തിന്റെ ആകാശ മേഘങ്ങൾ വന്ധ്യവും വിളറിയതുമായി കടന്നു പോകും എല്ലാ പ്രതീക്ഷകളും അസ്തമിച്ചു തളർന്ന വിധിയുടെ ക്രൂര മുഖത്തെ പരിചയിച്ചു കഴിയുമ്പോൾ പൊടുന്നനെ ഒരു വേനൽ മഴ പോലെ സ്നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരിൽ നിന്നും പെയ്തിറങ്ങും.
Sumayya L C
Sumayya L C





