Salim Ashraf

ഒപ്പു ചാർത്തിയവർ
കൊല്ലപ്പെട്ടവൻ്റെ ചോരയാൽ
വാനം തെളിയുന്നുവെന്ന്.
പിഞ്ചുപൈതലിൻ്റെ പുഞ്ചിരിയിൽ
അഞ്ചു വർണ്ണക്കരാറെഴുതുന്നു
വെടിയൊച്ച നിലക്കുമെന്ന.
ജീവിതം കാത്തിരിപ്പിലാണ്
കാണാതായവനെയും കാത്തുള്ളൊരു നിൽപ്പ്
തിരിച്ചു വരുമോ അവൻ
എൻ കാത്തിരിപ്പിനൊരാശ്വാസമായെങ്കിലും
തിരിച്ചു തരുമോ കൊണ്ടു പോയതിൽ ഒരെണ്ണമെങ്കിലും
കാറ്റടിച്ചു വീശും
മൺപ്പരപ്പിൽ
കാറ്റേ ...
ഓരോന്നായി ദഹിപ്പിക്കും വിധം മായിച്ചീടണേ ഈ രക്തക്കറയെങ്കിലും
വീണ്ടും വന്നീടുമോ ഈ ചോരകുടിക്കും രാക്ഷസർ ?
ഇല്ലാതാകുമോ നമ്മെ പകുത്ത കനൽകമ്പികൾ, വംശീയ ഉറകളിലെ കഠാരത്തിളക്കങ്ങൾ
തിരിച്ചു വീശുമോ
നമ്മെ പിരിഞ്ഞ കുളിർക്കാറ്റുകൾ
ചോര ചീറ്റിച്ചുവപ്പിച്ചൊരീ മണൽപരപ്പിൽ ആർദ്രമായലിവു പെയ്തു
മോഹം മുളപ്പിക്കുവാൻ
തെളിഞ്ഞിടുമോ വീണ്ടുമെൻ ശാന്തമാം-
പ്രാവുകൾ പാറിപ്പറക്കുന്നൊരാ ആകാശനീലിമ
കൊല്ലപ്പെട്ടവൻ്റെ ചോരയിൽ മുക്കി അവരൊപ്പു ചാർത്തി
വെടിയൊച്ച നിലച്ചുവെന്ന്
എങ്കിലീ അലർച്ചകളാരുടേത്?
രക്തഗന്ധമുള്ളൊരീ കുഞ്ഞുടുപ്പുകളാരുടേത്?
പിന്നാർക്കുവേണ്ടി വാ പിളർക്കുന്നു
തീമഴ പെയ്ത കൂട്ടക്കുഴിമാടങ്ങൾ.
Salim Ashraf
Salim Ashraf





