Mishab

ഉലമാക്കളെല്ലാം വർത്തമാനിക്കുന്ന നേരത്തു ഞാൻ
പാതിരായ്ക്കതുവഴി നടന്നു
ചലിക്കുന്ന കൈകളുമായി വന്നുയെ -
ന്റെ മുന്നിൽ 'മഹമൂദ് ദാർവിഷ്' ചോദിച്ചു:
"പ്രിയതമനേ, ആഗ്രഹിക്കുന്നവരി-
പ്പോഴും വഞ്ചിക്കപ്പെടാറുണ്ടോ?"
ഞാൻ ചൊന്നു:
"റബ്ബ് നന്മയെ സൃഷ്ടിച്ചപ്പോൾ തന്നെ
തീ തിന്മയ്ക്ക് വേണ്ടിയാഗ്രഹിച്ചു
അതുപോൽ, ആഗ്രഹവും വഞ്ചനയുമമ-
നശ്വരമായിപ്പോഴും കഴിയുന്നു."
പിന്നീട് ചോദിച്ചു:
"ബത്തക്കയിക്കിപ്പോഴുമതേ സ്വാദ് തന്നെയോ?"
ഞാൻ ചൊന്നു:
"ബത്തക്കയിക്കിപ്പോഴുമതേ സ്വാദ് തന്നെ
പക്ഷെ അകത്തെ ചുവപ്പാണിപ്പോൾ
അതിൻ വലുപ്പത്തെക്കാളുള്ളത്.
ദേഹേച്ചയെ ദൈവമാക്കിയർ പോലുമ്മി-
ലാഹ് തനിക്കെല്ലാ ബത്തക്കകളും സ്വന്തമായി നല്കുമെന്ന വാഗ്ദാനം
കൊടുത്തതായി ചൊല്ലുന്നു.
ബത്തക്കയുടെ പച്ചനിറത്തെയില്ലാതാക്കി
പാൽ പോലെയുണ്ടായിരുന്ന വെള്ള നിറത്തെ
പാൽ ചമഞ്ഞ വെള്ളയാക്കി
കറുപ്പിൽ മായം ചേർത്തു നീലയാക്കി
ബത്തക്കച്ചെടിയുടെ വേരുകൾക്ക്
വിഷമെന്ന് പേരു നല്കി,
പുഴുക്കളെക്കൊണ്ട് ഇലകളിൽ ഓട്ടകൾ വീഴ്ത്തി
ബത്തക്കയെ അവരിപ്പോൾ ശോകകരമാക്കാൻ ശ്രമിക്കുന്നു.
പക്ഷെ പേടിക്കാനൊന്നുമില്ല കാരണം
ഇലയുടെയും തണ്ടിന്റെയും പച്ച
ഇപ്പോഴും കട്ടിപ്പച്ച തന്നെ
വെള്ളം കിട്ടാതെയവർ
വാടിയിട്ടില്ലൊരിക്കലും
കാരണം, ദാഹജലമായിയവരുടെ പക്കലുള്ളത്
'കലാമുള്ള'യാണെന്നോർത്തീടണം.
ഇലാഹിൻ വാഗ്ദാനമാകും പൂങ്കാവനമാകുന്നു
ഇപ്പോഴും അവരുടെ മനസ്സുകളിൽ.
Mishab
Mishab





